'പത്മരാജനെ കൊന്ന ഇന്‍ഡസ്ട്രിയാണിത്, ശ്രീകുമാര്‍ മേനോനെ ദയവായി പത്മരാജനാക്കരുത്': വൈറലായി കുറിപ്പ്

Webdunia
തിങ്കള്‍, 17 ഡിസം‌ബര്‍ 2018 (11:31 IST)
'ഒടിയൻ' എന്ന സിനിമയുമായി ബന്ധപ്പെട്ടുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ കത്തിനിൽക്കുന്നത്. എന്നാൽ ചിത്രത്തേയും സംവിധായകനായ ശ്രീകുമാർ മേനോനേയും കുറ്റം പറയുന്നവർക്കായി ലിജിഷ് എഴുതിയ ഫേസ്‌ബുക്ക് പോസ്‌റ്റാണ് വൈറലാകുന്നത്. 
 
'സിനിമ പരാജയപ്പെടുമ്പോള്‍ സംവിധായകന്റെ മുഖപുസ്തകത്തില്‍ പോയി തെറിവിളിക്കുന്ന സംസ്‌കാരം വൃത്തികേടാണ്. വിളിച്ചവരുടേതും അതിന് കൈയ്യടിക്കുന്നവരുടേതും. ശ്രീകുമാര്‍ മേനോനെ ദയവായി പത്മരാജനാക്കരുത്. അദ്ദേഹത്തില്‍ നിന്ന് ഗംഭീര സിനിമകള്‍ ഇനിയും വരാനുണ്ട്. ഞാന്‍ കാത്തിരിക്കുന്നത് അദ്ദേഹത്തിന്റെ രണ്ടാമൂഴത്തിനാണ്'- ലിജിഷ് ഫേസ്‌ബുക്കിൽ കുറിച്ചു.
 
ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണ്ണരൂപം:-
 
ഞാന്‍ കാത്തിരിക്കുന്നത് 
ശ്രീകുമാര്‍ മേനോന്റെ രണ്ടാമൂഴത്തിനാണ് !
………………………………………………………….
 
”മൈ ഫോണ്‍ നമ്പര്‍ ഈസ് 
ഡബിള്‍ ടു ഡബിള്‍ ഫൈവ്.”
ഓര്‍മ്മയില്ലേ രാജാവിന്റെ മകന്‍, മോഹന്‍ലാലിന്റെ തലവര മാറ്റിയെഴുതിയ തമ്പി കണ്ണന്താനത്തിന്റെ പടം? 1986 ലാണ് തമ്പി കണ്ണന്താനം രാജാവിന്റെ മകന്‍ സംവിധാനം ചെയ്യുന്നത്. അതിന് മുന്‍പ് 81ല്‍ താവളവും 82 ല്‍ പാസ്‌പോര്‍ട്ടും 85 ല്‍ ആ നേരം അല്‍പദൂരം എന്ന മമ്മൂട്ടി പടവും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ബോക്‌സോഫീസില്‍ സമ്പൂര്‍ണ്ണ പരാജയമായിരുന്ന മൂന്ന് സിനിമകള്‍. തമ്പി കണ്ണന്താനം പണി നിര്‍ത്തി പോകണം എന്ന് അന്നാരും പ്രകടനം വിളിച്ചിരുന്നില്ല. കേരള സംസ്ഥാന ചലച്ചിത്ര സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരവും മികച്ച നടനുള്ള കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡും ഫിലിംഫെയര്‍ അവാര്‍ഡും അന്ന് മമ്മൂട്ടിക്ക് നേടിക്കൊടുത്ത നിറക്കൂട്ടിന്റെ തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് തമ്പി കണ്ണന്താനത്തെപ്പോലെ പണിയറിയാത്ത ഒരു ഡയറക്ടര്‍ക്ക് തിരക്കഥ കൊടുക്കരുത് എന്ന് മുറവിളി കൂട്ടിയിരുന്നില്ല. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ രാജാവിന്റെ മകനും ഭൂമിയിലെ രാജാക്കന്മാരും ഇന്ദ്രജാലവും നാടോടിയും മാന്ത്രികവും ചെയ്യാന്‍ മലയാളിക്ക് ഒരു തമ്പി കണ്ണന്താനം ഉണ്ടാകുമായിരുന്നില്ല.
 
അന്നോളമിറങ്ങിയതില്‍ ഏറ്റവും മുടക്ക് മുതലുള്ള പടമെന്ന പരസ്യത്തോടെ വന്‍ പ്രതീക്ഷയുത്പാദിപ്പിച്ചാണ് റോഷന്‍ ആന്‍ഡ്രൂസ് – ബോബി സഞ്ജയ് കൂട്ടുകെട്ടില്‍ കാസനോവ വന്നത്. അത് ബോക്‌സോഫീസില്‍ മൂക്കു കുത്തി വീണപ്പോള്‍ റോഷനും ബോബി സഞ്ജയ് ടീമും സിനിമ നിര്‍ത്തിപ്പോയിരുന്നെങ്കില്‍ തീയേറ്ററില്‍ പണം വാരാന്‍ ഇന്ന് ഒരു കായംകുളം കൊച്ചുണ്ണി സംഭവിക്കില്ല. താനാദ്യമായി സംവിധാനം ചെയ്ത ഹൃദയത്തില്‍ സൂക്ഷിക്കാന്‍ എന്ന സിനിമ പരാജയപ്പെട്ട് 2005 ല്‍ കരയ്ക്ക് കയറിയിരുന്ന രാജേഷ് പിള്ള ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം 2011ല്‍ മലയാള സിനിമയില്‍ ന്യൂജന്‍ വേവ് കൊണ്ടുവന്ന ട്രാഫിക്കുമായാണ് തിരികെ വന്നത്. നായകനും സിറ്റി ഓഫ് ഗോഡും പരാജയപ്പെട്ടപ്പോള്‍ നാടു വിട്ടിരുന്നെങ്കില്‍ ആമേനുമായി മടങ്ങി വരാന്‍ നമുക്കൊരു ലിജോ ജോസ് പെല്ലിശ്ശേരി ഉണ്ടാകുമായിരുന്നില്ല. ആമേന് ശേഷം വന്‍ പ്രതീക്ഷയുണര്‍ത്തി വന്ന ഡബിള്‍ ബാരല്‍ കുത്തനെ വീണിട്ടും ലിജോ കുലുങ്ങാഞ്ഞത് കൊണ്ടാണ് അങ്കമാലി ഡയറീസും ഈ.മ.യൗവും സംഭവിച്ചത്. ഡാഡി കൂള്‍ എന്ന സിനിമ ചെയ്ത ആഷിഖ് അബുവിനെയാണോ പിന്നെ നിങ്ങള്‍ കണ്ടിട്ടുള്ളത്. ഗ്യാംഗ്സ്റ്റര്‍ എന്ന ബിഗ് ബഡ്ജറ്റ് മൂവി നിലം പൊത്തിയപ്പോള്‍ നിങ്ങള്‍ ആഷിഖിന് ഗോ ബാക്ക് വിളിച്ചവരാണോ? സ്മാര്‍ട്ട്‌സിറ്റി എന്ന പടം കണ്ടിറങ്ങിയ ദിവസം ഇനി ബി.ഉണ്ണികൃഷ്ണന്‍ എന്ന സംവിധായകന്റെ പടം കാണില്ല എന്ന് തീരുമാനിച്ചവരാണോ?
 
ഈ നിര എണ്ണിപ്പറഞ്ഞാല്‍ തീരില്ല. നമ്മളിന്നാഘോഷിക്കുന്ന ഒന്നാം നിര ഡയറക്ടര്‍മാരൊന്നും ഒന്നാമത്തെ സിനിമ കൊണ്ട് അമ്പരപ്പിച്ചവരല്ല. ഒന്നാമത്തെ പടം, ഒന്നാമത്തെ പടമാണ്. പണിക്കുറ്റം തീര്‍ന്ന പ്രതിമയിലേക്കുള്ള പ്രയാണത്തിന്റെ ഒന്നാമത്തെ പടവാണത്. ഒന്നാമത്തെ സിനിമയില്‍ ഫ്‌ലോപ്പായ ഡയറക്ടര്‍മാര്‍ പില്‍ക്കാലം ഗംഭീര സിനിമകള്‍ ചെയ്തമ്പരപ്പിച്ച ചരിത്രം നമുക്കുണ്ട്. 2001 ല്‍ ചെയ്ത സ്റ്റുഡന്റ് നമ്പര്‍ വണ്‍ തൊട്ട് 2007 ലെ യമദോങ്ക വരെയുള്ള 6 സിനിമകള്‍ കടന്നാണ് എസ്.എസ്.രാജമൗലി മഗധീരയിലെത്തുന്നത്.
 
ഒടിയന്‍ സമ്പൂര്‍ണ്ണ പരാജയമാണെന്ന അഭിപ്രായം എനിക്കില്ല. ട്രെയിലറിലെ ആക്ഷനും പീറ്റര്‍ ഹെയ്‌നിന്റെ പേരും കണ്ട് ഒരു മാസ് മസാല പ്രതീക്ഷിച്ചു പോയവര്‍ക്ക് മുമ്പില്‍ അതിന് വിരുദ്ധമായ ഒരു പടം വരുമ്പോള്‍ സ്വാഭാവികമായും കൂവലുയരും. ഒടിവിദ്യകള്‍ കണ്ടമ്പരക്കാന്‍ പോയവര്‍ ഒടിയന്റെ ഇമോഷണല്‍ ലൈഫിനെ ചിത്രീകരിച്ച ഡയറക്ടറോട് പരിഭവിക്കുക സ്വാഭാവികം. ഇത് ചതിയായിപ്പോയി എന്ന് പറയുക സ്വാഭാവികം. പക്ഷേ ഈ ആക്രോശം അതല്ല. കല്ലെറിയുന്നവരില്‍ കണ്ടവരും കാണാത്തവരുമുണ്ട്. അവര്‍ക്ക് പലര്‍ക്കും കൃത്യമായ ലക്ഷ്യങ്ങളുണ്ട്. ഇനി ഒടിയന്‍ പരാജയമാണെന്ന് തന്നെ ഇരിക്കട്ടെ. ശ്രീകുമാര്‍ മേനോന്‍ എന്ന ഡയറക്ടര്‍ ഇതോടെ പണി നിര്‍ത്തിപ്പോകണം എന്നലറുന്നവരുടെ ക്ഷോഭത്തിന്റെ നിഷ്‌കളങ്കതയില്‍ എനിക്ക് സംശയമുണ്ട്.
 
കോഴിക്കോട്ടെയും കണ്ണൂരിലെയും തീയേറ്ററുകളില്‍ ആര്‍ട്ടിസ്റ്റിനെയും കൊണ്ട് സിനിമ പ്രൊമോട്ട് ചെയ്യാന്‍ പോയ സംവിധായകന്‍ ആളൊഴിഞ്ഞ കൊട്ടകകള്‍ കണ്ട് കരഞ്ഞുപോയ കഥ നിങ്ങള്‍ കേട്ടിട്ടുണ്ടോ? പത്മരാജനെ നിങ്ങള്‍ക്കറിയില്ലേ, ഞാന്‍ ഗന്ധര്‍വ്വന്‍ തീയേറ്ററില്‍ വീണ നിരാശയിലാണ് കോഴിക്കോട്ടെ ഹോട്ടല്‍ മുറിയില്‍ വെച്ച് അദ്ദേഹം ഹൃദയം പൊട്ടി മരിക്കുന്നത്. ആ മരണത്തിന് ശേഷമാണ് ഞാന്‍ ഗന്ധര്‍വന്‍ വിജയിക്കുന്നത്. പത്മരാജനെക്കൊന്ന ഇന്‍ഡസ്ട്രിയാണിത്. ഒരു മരണം കണ്ടിട്ടും നിങ്ങള്‍ക്ക് മതി വന്നിട്ടില്ലേ?
 
സിനിമ പരാജയപ്പെടുമ്പോള്‍ സംവിധായകന്റെ മുഖപുസ്തകത്തില്‍ പോയി തെറിവിളിക്കുന്ന സംസ്‌കാരം വൃത്തികേടാണ്. വിളിച്ചവരുടേതും അതിന് കൈയ്യടിക്കുന്നവരുടേതും. ശ്രീകുമാര്‍ മേനോനെ ദയവായി പത്മരാജനാക്കരുത്. അദ്ദേഹത്തില്‍ നിന്ന് ഗംഭീര സിനിമകള്‍ ഇനിയും വരാനുണ്ട്. ഞാന്‍ കാത്തിരിക്കുന്നത് അദ്ദേഹത്തിന്റെ രണ്ടാമൂഴത്തിനാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article