പകയുടേയും അസൂയയുടേയും പ്രതിരൂപമായ നായകൻ- ‘മമ്മൂട്ടി മതി, മമ്മൂട്ടിക്കേ കഴിയൂ’!

വെള്ളി, 16 നവം‌ബര്‍ 2018 (15:52 IST)
പത്മരാജൻ മലയാള സിനിമയ്ക്ക് ഒരു വികാരമായിരുന്നു, തീരാ നഷ്ടം. 18 സിനിമകളാണ് അദ്ദേഹം സംവിധാനം ചെയ്തത്. സമാന്തരസിനിമകളുടെ രാജാവായിരുന്നു പത്‌മരാജന്‍. അദ്ദേഹം സൃഷ്ടിച്ചത് മലയാളിത്തം തുളുമ്പിനില്‍ക്കുന്ന സിനിമകളാണ്. എന്നാല്‍ കഥകള്‍ പലതും ഭ്രമിപ്പിക്കുന്നത്. മലയാളിക്ക് കണ്ടുശീലമില്ലാത്തത്. 
 
പ്രണയവും പ്രതികാരവും രതിയും പകയും ആഘോഷവുമെല്ലാം നിറഞ്ഞുനിന്ന പത്മരാജചിത്രങ്ങള്‍ ഞാന്‍ ഗന്ധര്‍വനോടെ അവസാനിച്ചു. പത്മരാജന്‍-മോഹന്‍ലാല്‍ സിനിമകള്‍ പോലെ പത്മരാജന്‍ – മമ്മൂട്ടി സിനിമകളും മലയാള സിനിമയുടെ ചരിത്രത്തില്‍ ഇടം നേടിയിരുന്നു.
 
അതിൽ പ്രധാനമായിരുന്നു കരിയിലക്കാറ്റ് പോലെ, നൊമ്പരത്തിപ്പൂവ്, അരപ്പെട്ട കെട്ടിയ ഗ്രാമത്തില്‍ തുടങ്ങിയവയൊക്കെ. അതിൽ മുൻപന്തിയിൽ ഉള്ളത് കൂടെവിടെയാണ്. പക്ഷേ, പകയുടെയും അസൂയയുടെയും സ്നേഹത്തിന്‍റെയും പ്രതിരൂപമായ ക്യാപ്ടൻ തോമസ് ആകേണ്ടിയിരുന്നത് മമ്മൂട്ടി ആയിരുന്നില്ല. പത്മരാജന്റെ അടുത്ത സുഹൃത്തായ രാമചന്ദ്രനായിരുന്നു. 
 
രാമചന്ദ്രനെ മുന്നിൽ കണ്ടാണ് പത്മരാജൻ ക്യാപ്ടൻ തോമസിനെ ഒരുക്കിയത്. കഥ വായിച്ചപ്പോള്‍ തന്നെ ക്യാപ്റ്റന്‍ തോമസിന്‍റെ റോള്‍ മമ്മൂട്ടി ചെയ്‌താല്‍ നന്നായിരിക്കുമെന്ന് രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. മമ്മൂട്ടിയെ കൊണ്ട് ആ വേഷം ചെയ്യിപ്പിക്കൂ മമ്മൂട്ടിക്കാണ് ആ വേഷം നന്നായി ചേരുകയെന്നും രാമചന്ദ്രന്‍ പത്മരാജനോട് വാദിച്ചു. ഒടുവില്‍ മനസില്ലാമനസ്സോടെ പത്മരാജന്‍ ആ വേഷം തന്‍റെ സുഹൃത്തില്‍ നിന്ന് മമ്മൂട്ടിക്ക് നല്‍കുകയായിരുന്നു. 
 
ക്യാപ്ടന്‍ തോമസ് മലയാള സിനിമാ പ്രേക്ഷകര്‍ക്ക് നെഞ്ചില്‍ തറച്ച ഒരു വികാരമാണ്. ഒരു സാധാരണ മനുഷ്യന്‍റെ ചിന്തകളും വിഹ്വലതകളും ഉള്‍ക്കൊണ്ടുള്ള ഒരു കഥാപാത്ര സൃഷ്ടിയായിരുന്നു അത്. മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിലൊന്നായി ഇത് വിലയിരുത്തപ്പെടുന്നു. 1983ലാണ് കൂടെവിടെ റിലീസായത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍