മനഃസാക്ഷിയില്ലെ, മന്ത്രി വായടയ്ക്കണം, മരിച്ച കുട്ടിയെ കുറ്റവാളിയാക്കി, രൂക്ഷവിമർശനവുമായി വി ഡി സതീശൻ

അഭിറാം മനോഹർ

വെള്ളി, 18 ജൂലൈ 2025 (15:33 IST)
തേവലക്കര സ്‌കൂളില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കെഎസ്ഇബി ഉള്‍പ്പടെ എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വൈദ്യുതലൈന്‍ തൊട്ട് മുകളിലൂടെ പോകുന്ന സ്‌കൂളിന് എങ്ങനെയാണ് പ്രവര്‍ത്തിക്കാന്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്നും വി ഡി സതീശന്‍ ചോദിക്കുന്നു. വിദ്യാര്‍ഥിയുടെ മരണത്തില്‍ മന്ത്രി ചിഞ്ചുറാണി നടത്തിയ വിവാദപരാമര്‍ശത്തെയും സതീശന്‍ വിമര്‍ശിച്ചു.
 
കുട്ടി മുകളില്‍ കയറിയെന്നാണ് മന്ത്രി ചിഞ്ചുറാണി പറഞ്ഞത്. കുട്ടിയുടെ കുഴപ്പമാണ് എന്നതാണ് പുതിയ കണ്ടുപിടുത്തം. ഇങ്ങനെയാണ് നമ്മുടെ മന്ത്രിസഭയിലെ മന്ത്രിമാര്‍ ഓരോ മരണ്ത്തിന്റെയും ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞുമാറും. ഭാവിയില്‍ ഇങ്ങനെയുള്ള സംഭവങ്ങള്‍ ഇല്ലാതെയിരിക്കാന്‍ സുരക്ഷാ ഓഡിറ്റിങ് നടത്തുകയാണ് വേണ്ടത്. വയനാട്ടില്‍ സ്ത്രീയെ കടുവ കടിച്ചുകൊന്ന ദിവസമാണ് വനം മന്ത്രി ഫാഷന്‍ ഷോയില്‍ പാട്ടുപാടിയത്. ഇന്നലെ മരിച്ച കുട്ടിയെ കുറ്റപ്പെടുത്തിയ മന്ത്രിയാണ് സുംബാ ഡാന്‍സ് കളിച്ചത്. ഇവര്‍ക്കൊന്നും മനസാക്ഷിയില്ലെ. മന്ത്രിമാരെയും അവരുടെ നാക്കിനെയും നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം. മനുഷ്യനെ പ്രയാസപ്പെടുത്തുന്ന രീതിയില്‍ മന്ത്രിമാര്‍ സംസാരിക്കരുത്. ഉത്തരത്തില്‍ ഇരിക്കുന്നത് എടുക്കാന്‍ ശ്രമിക്കുന്ന സിപിഎം നേതാക്കള്‍ കക്ഷത്തിലിരിക്കുന്നത് പോകാതെ നോക്കണമെന്നും വി ഡി സതീശന്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍