വി.ഡി.സതീശനോടു മമതയില്ലാത്ത മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോടു അടുക്കുന്നു. പാര്‍ട്ടിയെ പൂര്‍ണമായി വരുതിയിലാക്കാന്‍ സതീശന്‍ ശ്രമിക്കുന്നതിനിടയിലാണ് ചെന്നിത്തലയെ മുന്‍നിര്‍ത്തി മുതിര്‍ന്ന നേതാക്കളുടെ കൗണ്ടര്‍ അറ്റാക്ക്. മന്നം ജയന്തി ആഘോഷത്തില്‍ മുഖ്യപ്രഭാഷണം നടത്താന്‍ എന്‍എസ്എസ് രമേശ് ചെന്നിത്തലയെ ക്ഷണിച്ചതും ചെന്നിത്തല ക്ഷണം സ്വീകരിച്ചതും ഇതിന്റെ സൂചനയാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി എന്‍എസ്എസും കോണ്‍ഗ്രസും തമ്മില്‍ അത്ര നല്ല ബന്ധത്തിലല്ല. ഈ അകല്‍ച്ച ഇല്ലാതാക്കാനും കേരള രാഷ്ട്രീയത്തില്‍ വീണ്ടും സജീവമാകാനുമുള്ള നീക്കമാണ് ചെന്നിത്തല നടത്തുന്നത്.
പാര്‍ട്ടിയെ പൂര്‍ണമായി തന്റെ വരുതിയിലാക്കാന്‍ സതീശന്‍ ശ്രമിക്കുകയാണെന്ന് ചില മുതിര്‍ന്ന നേതാക്കള്‍ക്ക് അഭിപ്രായമുണ്ട്. കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനെ ഇതിനോടകം 'റബര്‍ സ്റ്റാംപ് പ്രസിഡന്റ്' എന്ന നിലയിലേക്ക് മാറ്റിക്കഴിഞ്ഞു. നിലവിലെ ആധിപത്യം സതീശന്‍ തുടര്‍ന്നാല്‍ പാര്‍ട്ടി പിടിക്കാനുള്ള സാധ്യത കൂടുതലാണ്. ഈ സാഹചര്യത്തിലാണ് പ്രമുഖരായ ചില നേതാക്കള്‍ ഒറ്റക്കെട്ടായി സതീശനെതിരെ പടയൊരുക്കം ആരംഭിച്ചിരിക്കുന്നത്. അതിനായി മുന്നില്‍ നില്‍ക്കുന്നത് രമേശ് ചെന്നിത്തലയാണ്. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാര്‍ട്ടിയില്‍ പുനഃസംഘടന വേണമെന്ന് മുതിര്‍ന്ന നേതാക്കള്‍ ഒറ്റക്കെട്ടായി ആവശ്യപ്പെടുന്നു. സുധാകരനെ മാത്രം നീക്കുന്നതിനോടു പലര്‍ക്കും വിയോജിപ്പുണ്ട്. സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്ന് നീക്കിയാല്‍ സതീശനെയും മാറ്റണമെന്നാണ് ആവശ്യം.
സതീശനെ ഒതുക്കാന്‍ രമേശ് ചെന്നിത്തലയ്‌ക്കൊപ്പം കെ.സുധാകരന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.സി.ജോസഫ്, കെ.മുരളീധരന്‍, ചാണ്ടി ഉമ്മന്‍, പി.സി.വിഷ്ണുനാഥ് തുടങ്ങിയ നേതാക്കളുമുണ്ട്. കേരളത്തില്‍ നിന്നുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ ആണ് സതീശനെതിരെ നിലകൊള്ളുന്ന മറ്റൊരു പ്രമുഖ നേതാവ്. മുന്‍ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ജനകീയ മുഖം കൂടിയായതിനാല്‍ ചെന്നിത്തലയെ മുന്നില്‍നിര്‍ത്തി കരുക്കള്‍ നീക്കുന്നതില്‍ വേണുഗോപാലിനും പങ്കുണ്ട്.
2026 ല്‍ അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രിയാകാനുള്ള നീക്കങ്ങള്‍ സതീശന്‍ നടത്തുന്നുണ്ട്. ഇത് മുന്‍കൂട്ടി കണ്ടാണ് സതീശന്‍ വിഭാഗത്തെ ദുര്‍ബലമാക്കാന്‍ എ, ഐ ഗ്രൂപ്പ് വ്യത്യാസമില്ലാതെ പല മുതിര്‍ന്ന നേതാക്കളും ചെന്നിത്തലയ്‌ക്കൊപ്പം നില്‍ക്കുന്നത്. ഷാഫി പറമ്പില്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ തുടങ്ങിയ യുവനേതാക്കളാണ് സതീശന്റെ ആയുധം. തദ്ദേശ തിരഞ്ഞെടുപ്പ് അടുക്കുന്നതിനാല്‍ നിലവിലെ ഗ്രൂപ്പ് പോര് കോണ്‍ഗ്രസില്‍ രൂക്ഷമാകാനാണ് സാധ്യത. സീറ്റ് വിഭജനത്തിന്റെ സമയത്ത് വി.ഡി.സതീശന്‍ വിഭാഗത്തിനു വെല്ലുവിളി ഉയര്‍ത്തി തങ്ങളുടെ നോമിനികളെ പല സീറ്റുകളിലേക്കും നിര്‍ദേശിക്കാനാണ് ചെന്നിത്തല പക്ഷത്തിന്റെ തീരുമാനം.