'വായ തുറക്കുന്നത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കാന്‍'; സുധാകരനെതിരെ രൂക്ഷ വിമര്‍ശനവുമായി സതീശന്‍, മാറ്റണമെന്ന് ആവശ്യം

രേണുക വേണു

തിങ്കള്‍, 28 ഒക്‌ടോബര്‍ 2024 (08:11 IST)
കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനെതിരെ കടുത്ത നിലപാടുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. സുധാകരന്റെ പല പ്രസ്താവനകളും പാര്‍ട്ടിക്ക് തിരിച്ചടിയാകുന്നതാണെന്ന് സതീശന്‍ വിഭാഗം വിമര്‍ശിക്കുന്നു. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ കെപിസിസി അധ്യക്ഷന്‍ കുറച്ചുകൂടി വിവേകത്തോടെ മാധ്യമങ്ങളോടു പ്രതികരിക്കണമെന്നാണ് സതീശന്റെ വിമര്‍ശനം. ഉപതിരഞ്ഞെടുപ്പിനു ശേഷം കെപിസിസി അധ്യക്ഷനെ മാറ്റണമെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം ആവശ്യമുന്നയിച്ചിട്ടുണ്ട്. 
 
സുധാകരന്‍ കെപിസിസി അധ്യക്ഷ സ്ഥാനത്തു തുടരുന്നതില്‍ സതീശനു താല്‍പര്യക്കുറവുണ്ട്. പി.വി.അന്‍വറുമായി ചര്‍ച്ച നടത്തിയതിനു പിന്നാലെ അത് മാധ്യമങ്ങള്‍ക്കു മുന്നില്‍ സുധാകരന്‍ തുറന്നുപറഞ്ഞതാണ് സതീശനെ ആദ്യം ചൊടിപ്പിച്ചത്. സുധാകരന്‍ മാധ്യമങ്ങളോടു സംസാരിക്കുന്നതിനിടെ സതീശന്‍ താല്‍പര്യക്കുറവ് പ്രകടിപ്പിച്ചതിന്റെ ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. അതിനു പിന്നാലെയാണ് പാലക്കാട് ഡിസിസിയുടെ കത്ത് പുറത്തുവന്നത്. 
 
പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ കെ.മുരളീധരനെ യുഡിഎഫ് സ്ഥാനാര്‍ഥിയാക്കണമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിനു ഡിസിസി നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് അവഗണിച്ചാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. കത്ത് പുറത്തായതിനു പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേര് മുന്നോട്ടുവെച്ചത് ഷാഫി പറമ്പില്‍ തന്നെയാണെന്നും സുധാകരന്‍ പറഞ്ഞിരുന്നു. ഈ പ്രസ്താവനയിലും വി.ഡി.സതീശനു വിയോജിപ്പുണ്ട്. രാഹുലിനെ സ്ഥാനാര്‍ഥിയാക്കിയത് കോണ്‍ഗ്രസ് ഒറ്റക്കെട്ടായാണ് എന്നു പറയേണ്ടിയിരുന്ന കെപിസിസി അധ്യക്ഷന്‍ ഷാഫിയുടെ പേര് എന്തിനാണ് മാധ്യമങ്ങളോടു പറഞ്ഞതെന്നാണ് സതീശന്‍ വിഭാഗത്തിന്റെ ചോദ്യം. സുധാകരന്റെ പ്രസ്താവന എല്‍ഡിഎഫ് പ്രചാരണ ആയുധമാക്കുകയാണ്. ഈ സാഹചര്യത്തിലാണ് സുധാകരനെതിരെ കോണ്‍ഗ്രസില്‍ മുറുമുറുപ്പ് ഉയര്‍ന്നിരിക്കുന്നത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍