ലഷ്‌കര്‍ ആസൂത്രണം ചെയ്ത ഭീകരാക്രമണം നടപ്പിലാക്കുകയാണ് ടിആര്‍എഫ് ചെയ്തതെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കു ലഭിച്ചിരിക്കുന്ന വിവരം. 'കസൂരി' എന്നറിയപ്പെടുന്ന സെയ്ഫുള്ള ഖാലിദ് രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനിലെ പഞ്ചാബില്‍ ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ലഷ്‌കറിന്റെ സഹസ്ഥാപകനായ ഹാഫിസ് സയീദുമായി കസൂരിക്ക് അടുത്ത ബന്ധമുണ്ട്.
രണ്ട് മാസം മുന്‍പ് പാക്കിസ്ഥാന്‍ സൈന്യത്തിന്റെ അതിഥിയായാണ് കസൂരി പഞ്ചാബിലെ സൈനിക ക്യാംപില്‍ എത്തിയതെന്നാണ് വിവരം. ഫെബ്രുവരി രണ്ടിന് ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ പ്രസംഗിച്ചതെന്ന് അവകാശപ്പെടുന്നതിലെ പ്രസക്ത ഭാഗങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. ' ഇന്ന് 2025 ഫെബ്രുവരി രണ്ട്, 2026 ഫെബ്രുവരി രണ്ട് ആകുമ്പോഴേക്കും കശ്മീര്‍ പിടിച്ചെടുക്കാന്‍ നമ്മള്‍ പരമാവധി പോരാടുമെന്ന് ഞാന്‍ ഉറപ്പുനല്‍കുന്നു. വരും ദിവസങ്ങളില്‍ നമ്മുടെ ചാവേറുകള്‍ ഇതിനായി പോരാട്ടം ശക്തിപ്പെടുത്തും,' എന്നാണ് പ്രസംഗത്തിലെ പ്രസക്തഭാഗങ്ങള്‍.
അതേസമയം പഹല്‍ഗാം ഭീകരാക്രമണത്തില്‍ സുരക്ഷാവീഴ്ചയുണ്ടെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍. 2019 ലെ പുല്‍വാമ ആക്രമണത്തിനു ശേഷം കശ്മീരില്‍ നടക്കുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ് പഹല്‍ഗാമില്‍ ഉണ്ടായത്. ഭീകരസംഘം അനായാസം കൃത്യം നിര്‍വഹിച്ചത് എങ്ങനെയെന്ന് സുരക്ഷാ ഏജന്‍സികള്‍ അന്വേഷിക്കും. അനന്ത്നാഗിലെ പഹല്‍ഗാമിലെ ബൈസരണ്‍ താഴ് വരയിലാണ് രാജ്യത്തെ നടുക്കിയ ഭീകരാക്രമണം അരങ്ങേറിയത്. വിനോദ സഞ്ചാരികള്‍ എത്തുന്ന മേഖലയായതിനാല്‍ ഇവിടെ അതീവ സുരക്ഷാ ക്രമീകരണങ്ങള്‍ ഉണ്ട്. ഇതെല്ലാം കടന്നാണ് ഭീകരര്‍ ആക്രമണം നടത്തിയത്. സൈനിക വേഷത്തിലാണ് ഭീകരര്‍ എത്തിയത്. ഇത് ആക്രമണത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കഴിഞ്ഞയാഴ്ചയാണ് കശ്മീര്‍ സന്ദര്‍ശനം നടത്തിയത്. കൃത്യം ഒരാഴ്ച കഴിയുമ്പോള്‍ ഇത്ര വലിയൊരു ഭീകരാക്രമണം നടന്നത് കേന്ദ്ര സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കുന്നു.