പിന്തുണയ്ക്ക് പിന്നാലെ പാക്കിസ്ഥാന് മിസൈലുകള്‍ നല്‍കി ചൈന; തുര്‍ക്കിയുടെ ഹെര്‍ക്കുലീസ് വിമാനങ്ങളും പാക്കിസ്ഥാനില്‍

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 28 ഏപ്രില്‍ 2025 (13:10 IST)
പിന്തുണയ്ക്ക് പിന്നാലെ പാക്കിസ്ഥാന് ആയുധങ്ങള്‍ നല്‍കി ചൈന. ന്യൂതന മിസൈലുകളാണ് പാക്കിസ്ഥാന്‍ വ്യോമസേനക്ക് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്. ആയുധങ്ങളും ന്യൂജന്‍ ദീര്‍ഘദൂരം മിസൈലുകളുമാണ് ചൈന വിതരണം ചെയ്തത്. പിഎല്‍ 15 ദീര്‍ഘദൂര മിസൈലുകളാണ് പാകിസ്ഥാന് നല്‍കിയത്. ചൈനീസ് പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയുടെ ആഭ്യന്തര സ്‌റ്റോറുകളില്‍ നിന്നാണ് മിസൈലുകള്‍ സൈന്യത്തിന് ലഭ്യമായതെന്നാണ് വിവരം. 
 
ഈ മിസൈലുകള്‍ക്ക് 200 മുതല്‍ 300 കിലോമീറ്റര്‍ വരെ ദൂരപരിധിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം തുര്‍ക്കി വ്യോമസേനയുടെ ഹെര്‍ക്കുലീസ് വിമാനങ്ങളും പാക്കിസ്ഥാനില്‍ എത്തിയിട്ടുണ്ട്. അതേസമയം ഇന്ത്യയില്‍ നിന്ന് പകുതി പാക്കിസ്ഥാനികള്‍ പോലും മടങ്ങിയിട്ടില്ലെന്നാണ് വിവരം. പാക് പൗരന്മാരുടെ ഇന്ത്യയില്‍ നിന്നുള്ള മടക്കത്തിനുള്ള സമയപരിധി കഴിഞ്ഞിട്ടും പകുതി പേര്‍ പോലും മടങ്ങിയിട്ടില്ലെന്നാണ് ആഭ്യന്തരമന്ത്രാലയത്തിന് ലഭിച്ച വിവരം. ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യയില്‍ തങ്ങുന്ന പാകിസ്ഥാനികളോട് തിരികെ പാകിസ്ഥാനിലേക്ക് പോകാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. 537 പേര്‍ ഇന്ത്യ വിട്ടിട്ടുണ്ടെന്നാണ് ലഭിച്ച കണക്ക്. 
 
കഴിഞ്ഞദിവസം രാത്രി 10 വരെയാണ് രാജ്യം വിടാനുള്ള സമയം പൗരന്മാര്‍ക്ക് നല്‍കിയിരുന്നത്. മടങ്ങിയവരില്‍ ആറുപേര്‍ കേരളത്തില്‍ നിന്ന് പോയവരാണ്. അതേസമയം 850 ഇന്ത്യക്കാര്‍ പാക്കിസ്ഥാനില്‍ നിന്ന് തിരിച്ചു നാട്ടിലെത്തിയിട്ടുണ്ട്. അതേസമയം രാജ്യം വിടണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് മൂന്നുപേര്‍ക്ക് നല്‍കിയ നോട്ടീസ് കഴിഞ്ഞദിവസം പോലീസ് പിന്‍വലിച്ചു. ദീര്‍ഘകാലമായി കേരളത്തില്‍ കുടുംബവുമൊത്ത് കഴിയുന്നവരാണ് ഇവര്‍. പോലീസിന്റെ കണക്കനുസരിച്ച് കേരളത്തില്‍ 104 പാകിസ്ഥാന്‍ പൗരന്മാരാണുള്ളത്. ഇതില്‍ 45 പേര്‍ ദീര്‍ഘകാല വിസയിലും 55 പേര്‍ സന്ദര്‍ശന വിസയിലും എത്തിയവരാണ്. ഒരാള്‍ ജയിലിലാണ്. സന്ദര്‍ശക വിസയിലെത്തിയ ആറു പേരാണ് തിരിച്ചു പോയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍