15 വര്‍ഷം കൊണ്ട് ഇന്ത്യന്‍ കുടുംബങ്ങള്‍ വാങ്ങിക്കൂട്ടിയത് 12000 ടണ്‍ സ്വര്‍ണം; ലാഭം മാത്രം 60ലക്ഷം കോടി!

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 28 ഏപ്രില്‍ 2025 (11:24 IST)
15 വര്‍ഷം കൊണ്ട് ഇന്ത്യന്‍ കുടുംബങ്ങള്‍ വാങ്ങിക്കൂട്ടിയത് 12000 ടണ്‍ സ്വര്‍ണം. ഇതില്‍ 8700 ടണ്ണും സ്വര്‍ണ്ണാഭരണങ്ങള്‍ തന്നെയാണ്. 2010മുതല്‍ 2024 വരെയുള്ള കാലയളവിലാണ് ഇത്രയധികം സ്വര്‍ണം ഇന്ത്യന്‍ കുടുംബങ്ങള്‍ പ്രത്യേകിച്ചും ദക്ഷിണേന്ത്യക്കാര്‍ വാങ്ങിക്കൂട്ടിയത്. ഗോള്‍ഡ് കൗണ്‍സില്‍ കഴിഞ്ഞവര്‍ഷം പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരമുള്ള കണക്കാണിത്.
 
അതേസമയം സ്വര്‍ണ്ണവില റെക്കോര്‍ഡ് മറികടക്കുമ്പോള്‍ നേരത്തേ സ്വര്‍ണം വാങ്ങിക്കൂട്ടിയവര്‍ക്ക് ബമ്പര്‍ അടിച്ചിരിക്കുകയാണ്. ഓരോ വര്‍ഷത്തെയും ശരാശരി കണക്കെടുക്കുമ്പോള്‍ ഇത്രയും സ്വര്‍ണം വാങ്ങാന്‍ എടുത്ത ചെലവ് 50 ലക്ഷം കോടി രൂപ വരും. എന്നാല്‍ ഇപ്പോഴത്തെ മൂല്യം 110 ലക്ഷം കോടി രൂപയാണ്. ഇതോടെ ഇന്ത്യന്‍ കുടുംബങ്ങളുടെ മൊത്തലാഭം 60 ലക്ഷം കോടി രൂപയാണ്. അതേസമയം ദക്ഷിണേന്ത്യയിലെ ക്ഷേത്രങ്ങളില്‍ മൊത്തം 5000ത്തോളം ടണ്‍ സ്വര്‍ണ്ണശേഖരമുണ്ടെന്നാണ് കണക്കാക്കുന്നത്.
 
അതേസമയം സ്വര്‍ണം റെക്കോഡ് വിലയില്‍ എത്തിയതിന് പിന്നാലെ താഴേക്ക് പോകുന്ന കാഴ്ചയാണ്. അക്ഷയതൃതീയ പടിവാതിലില്‍ എത്തിനില്‍ക്കേ സ്വര്‍ണാഭരണ പ്രിയര്‍ക്കും വിവാഹം ഉള്‍പ്പെടെയുള്ള അനിവാര്യ ആവശ്യങ്ങള്‍ക്കായി വലിയ അളവില്‍ സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്കും ആശ്വാസം സമ്മാനിച്ച് വിലയില്‍ ഇന്നു മികച്ച ഇടിവ്. ഗ്രാമിന് 65 രൂപ കുറഞ്ഞ് വില 8,940 രൂപയും പവന് 520 രൂപ താഴ്ന്ന് 71,520 രൂപയുമായി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍