തൊട്ടാൽ പൊള്ളും, എഴുപതിനായിരം കടന്ന് സ്വർണവില; പവന് എക്കാലത്തെയും ഉയർന്ന വില

നിഹാരിക കെ.എസ്

ശനി, 12 ഏപ്രില്‍ 2025 (10:46 IST)
വിപണിയിലെ എക്കാലത്തെയും ഉയർന്ന വിലയിൽ സ്വർണം. എഴുപതിനായിരം കടന്നു. പവന് 200 രൂപ കൂടി 70,160 രൂപയായി. എക്കാലത്തെയും ഉയർന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. അതേസമയം 25 രൂപയാണ് ഇന്ന് ഗ്രാമിന് കൂടിയത്. അതേസമയം പവന് 1,480 രൂപ കൂടി 69,960 രൂപയായായിരുന്നു ഇന്നലത്തെ സ്വർണവില. സർവകാല റെക്കോർഡ് ആണിത്.
 
രാജ്യാന്തര വിപണിയില്‍ സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ് പ്രകടമാണ്. ഇതിന്റെ പ്രതിഫലനമാണ് കേരളത്തിലും കാണുന്നത്. വരും ദിവസങ്ങളിലും സ്വര്‍ണവില കൂടാനാണ് സാധ്യത. കഴിഞ്ഞ നാല് ദിവസങ്ങളിലായി കുറഞ്ഞുകൊണ്ടിരുന്ന വില ഇന്ന് ഒറ്റയടിക്ക് വർധിച്ചത് സാധാരണക്കാർക്ക് നെഞ്ചിടിപ്പ് ഉണ്ടാക്കി. കഴിഞ്ഞ ദിവസം സ്വര്‍ണം വാങ്ങുകയോ അഡ്വാന്‍സ് ബുക്കിങ് ചെയ്യുകയോ ചെയ്തവര്‍ക്ക് ഇന്ന് വലിയ നേട്ടമാകും. മൂന്ന് ദിവസം മുമ്പ് വാങ്ങി ഇന്ന് വില്‍ക്കുന്നവര്‍ക്കും ലാഭം കൊയ്യാം.
 
ചരിത്രത്തില്‍ ആദ്യമായിട്ടാണ് സ്വര്‍ണവില ഒരു ദിവസം 100 ഡോളറില്‍ അധികം വര്‍ധിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് തുടക്കമിട്ട ചുങ്കപ്പോരാണ് സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ ആകര്‍ഷിക്കപ്പെടാന്‍ കാരണം. സ്വര്‍ണവിലയ്ക്ക് പുറമെ വെള്ളിയുടെ വിലയും കേരളത്തില്‍ വര്‍ധിച്ചിട്ടുണ്ട്. ചൈന സ്വര്‍ണത്തിന്റെയും വെള്ളിയുടെയും കയറ്റുമതി നിയന്ത്രിച്ചതും വിപണിയെ ആശങ്കയിലാക്കി. വെള്ളിയുടെ ഗ്രാം വില 105 രൂപയായി വര്‍ധിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍