സാർ പുലിയായിരുന്നല്ലേ? ചൊറിയാൻ വന്ന ഏരിയാ സെക്രട്ടറിയെ തേച്ചൊട്ടിച്ച എസ് ഐ അമൃത് രംഗന് സോഷ്യൽ മീഡിയയുടെ ബിഗ് സല്യൂട്ട് !

Webdunia
ബുധന്‍, 4 സെപ്‌റ്റംബര്‍ 2019 (18:55 IST)
വിദ്യാര്‍ത്ഥി സംഘര്‍ഷത്തില്‍ ഇടപ്പെട്ടതിന് ഭീഷണിപ്പെടുത്തിയ സിപിഐഎം ഏരിയാ സെക്രട്ടറിയ്ക്ക് ചുട്ട മറുപടിയുമായി കളമശേരി എസ് ഐ അമൃത് രംഗന്‍. കുസാറ്റില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷമുണ്ടായതിനെ തുടർന്ന് പ്രശ്നത്തിനു കാരണക്കാരായ എസ്എഫ്ഐ പ്രവര്‍ത്തകരെ പൊലീസ് ജീപ്പില്‍ കയറ്റിയതിനാണ് സി.പി.ഐ.എം ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ എസ്.ഐയെ ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്.
 
‘രാഷ്ട്രീയക്കാര്‍ക്കിടയിലും ജനങ്ങള്‍ക്കിടയിലും നിങ്ങള്‍ മോശം അഭിപ്രായമുണ്ട്. കളമശേരിയിലെ രാഷ്ട്രീയവും മറ്റും നോക്കി ഇടപെടുന്നത് നന്നാവും. നിങ്ങള്‍ക്ക് മുമ്പ് കളമശ്ശേരിയില്‍ വേറെ എസ്.ഐമാര്‍ വന്നിട്ടുണ്ട്. പ്രവര്‍ത്തകരോട് മാന്യമായി പെരുമാറണം’- എന്നായിരുന്നു സക്കീര്‍ ഹുസൈന്റെ ഭീഷണി.  
 
എന്നാല്‍ തനിക്ക് അങ്ങനൊരു നിലപാടില്ലെന്നും നേരെ വാ നേരെ പോ എന്ന രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും എസ്.ഐ മറുപടി നല്‍കി. ഒരു പാര്‍ട്ടിയോടും തനിക്ക് കൂറില്ല. കളമശ്ശേരി ആരുടേതൊണെങ്കിലും തനിക്ക് ഒരു പ്രശ്‌നമില്ലെന്നും നിലപാട് നോക്കി ജോലി ചെയ്യാനാകില്ലെന്നും അമൃത് രംഗന്‍ പ്രതികരിച്ചു.
 
‘കുട്ടികള്‍ തമ്മില്‍ തല്ലുന്നത് നോക്കി നില്‍ക്കാനാവില്ല. ഞാൻ ഇവിടെ ഇരിക്കുബോൾ പരസ്പരം തല്ലിച്ചാവാൻ വിടില്ല. എനിക്ക് എല്ലാവരും ഒരുപോലാണ്. ഇവിടെ ഇരിക്കാമെന്ന് ആര്‍ക്കും വാക്കു കൊടുത്തിട്ടില്ല. ഞാൻ പരീക്ഷയെഴുതിയാണ് സർവ്വീസിൽ കയറിയത്. അതുകൊണ്ട് നല്ല ധൈര്യമുണ്ടെന്നും പറയുന്നിടത്ത് പോയി ഇരിക്കാനും എഴുന്നേല്‍ക്കാനും പറ്റില്ലെന്നും‘ എസ്.ഐ പറഞ്ഞു.
 
കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയില്‍ തിങ്കളാഴ്ച എസ്എഫ്‌ഐ പ്രവര്‍ത്തകരും ഒരു വിഭാഗം ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികളും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. സംഘര്‍ഷത്തില്‍ ഒരു വിദ്യാര്‍ത്ഥിയുടെ തല പൊട്ടിയതോടെ പൊലീസ് സ്ഥലത്തെത്തി. ഇതിനിടയിലാണ് ഹോസ്റ്റലിലേക്ക് തള്ളിക്കയറി കൂടുതല്‍ സംഘര്‍ഷത്തിന് ശ്രമിച്ച എസ്.എഫ്.ഐ ജില്ലാ നേതാവ് അമലിനെ എസ്.ഐ അമൃതരംഗന്‍ പിടിച്ചു മാറ്റുന്നത്. സംഘര്‍ഷം ഒഴിവാക്കാനാണ് ഈ നടപടി സ്വീകരിച്ചതെന്നാണ് എസ്.ഐയുടെ വിശദീകരണം.

അനുബന്ധ വാര്‍ത്തകള്‍

Next Article