സൂക്ഷ്മ പരിശോധനയ്‌ക്ക് ശേഷം സ്വതന്ത്രനെ പിന്‍‌വലിക്കുമെന്ന് പിജെ ജോസഫ്; നഗ്നമായ ധാരണാ ലംഘനമെന്ന് ജോസ് കെ മാണി

Webdunia
ബുധന്‍, 4 സെപ്‌റ്റംബര്‍ 2019 (18:49 IST)
പാലാ ഉപതെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് (എം) അംഗവും പിജെ ജോസഫ് അനുകൂലിയുമായ ജോസഫ് കണ്ടത്തിലിനെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി നിര്‍ത്തിയ നടപടി യുഡിഎഫ് യോഗത്തിലുണ്ടായ ധാരണയുടെ നഗ്നമായ ലംഘനമാണെന്ന് ജോസ് കെ മാണി.

വിമതസ്ഥാനാര്‍ഥിയെ നിര്‍ത്തിയ നടപടിയെ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. യുഡിഎഫ് പ്രഖ്യാപിച്ച സ്ഥാനാര്‍ഥിക്കെതിരെയാണ് ഇപ്പോള്‍ നീക്കമുണ്ടായിരിക്കുന്നത്. യുഡിഎഫ് തന്നെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.  

പാലായിലെ ജനങ്ങളുടെ മുന്നില്‍ ചിഹ്നം എന്നത് കെഎം മാണിയാണ്. ചിഹ്നം എന്തുമാകട്ടെ, മാണിയുടെ സ്മരണയിലാണ് മുന്നോട്ടുപോകുന്നത്. ചിഹ്നത്തിന്റെ പേരില്‍ അതിനെ തകര്‍ക്കാര്‍ ശ്രമിച്ചാല്‍ നടക്കില്ല. ചിഹ്നം സംബന്ധിച്ച് നിയമപരമായ കാര്യങ്ങള്‍ മുന്നോട്ടു പോകുകയാണെന്നും ജോസ് കെ. മാണി പറഞ്ഞു.

ജോസഫിന്‍റെ പിഎയ്‌ക്കൊപ്പം എത്തിയാണ് കര്‍ഷക യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയായ ജോസഫ് കണ്ടത്തില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്.

സൂക്ഷ്മപരിശോധനയുടെ സമയത്ത് ചിഹ്നം സംബന്ധിച്ച് തങ്ങളുടെ നിലപാട് വ്യക്തമാക്കാന്‍ ആളുണ്ടാവണം എന്നതിനാലാണ് മറ്റൊരു സ്ഥാനാര്‍ഥിയെ കൂടി നിര്‍ത്തിയതെന്ന് ജോസഫ് പറഞ്ഞു. സൂക്ഷ്മ പരിശോധനയ്ക്കു ശേഷം പത്രിക പിന്‍വലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കൃത്രിമ മാര്‍ഗത്തിലൂടെ ചിഹ്നം നേടാനുള്ള ശ്രമം തടയാനാണ് ഇത്തരമൊരു നീക്കം നടത്തിയത്. പ്രാദേശികമായി നേതാക്കള്‍ അവരുടെ സാമാന്യബോധം ഉപയോഗിച്ച് ചെയ്തതാണ് ഇത്. പ്രത്യേക സാഹചര്യത്തിന് അനുസരിച്ച് അവര്‍ പ്രവര്‍ത്തിച്ചതാണ്. ഇക്കാര്യങ്ങള്‍ യുഡിഎഫ് നേതൃത്വത്തിന് ബോധ്യപ്പെട്ടോളുമെന്നും ഓരോ സമയത്തും പ്രത്യേകമായി ബോധ്യപ്പെടുത്തേണ്ട കാര്യമില്ലെന്നും ജോസഫ് വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

Next Article