എസ് പ്രെസ്സോക്കും ഒരുപടി മുകളിൽ പുതിയ ക്വിഡ്, വില 2.83 ലക്ഷം മുതൽ !

Webdunia
ചൊവ്വ, 1 ഒക്‌ടോബര്‍ 2019 (17:15 IST)
റെനോയുടെ ജനപ്രിയ കാർ ക്വിഡിന്റെ രണ്ടാം തലമുറ പതിപ്പിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 800 സിസി, 1.0 ലിറ്റർ എന്നിങ്ങനെ രണ്ട് എഞ്ചിൻ വേരിയന്റുകളിലാണ് വാഹനം വിപണിയിൽ എത്തിയത്. 2.83 ലക്ഷം രൂപയാണ് 800 സിസി പ്രാരംഭ വേരിയന്റിന്റെ എക്സ് ഷോറൂം വില. 4.13 ലക്ഷം രൂപയാണ് ഈ എഞ്ചിൻ പതിപ്പിലെ ഉയർന്ന വകഭേതത്തിന്റെ വില. 800 സിസി സ്റ്റാൻഡേർഡ് പതിപ്പിനാണ് 2.83 ലക്ഷം രൂപ. ആർഎക്സ്എൽഇക്ക് 3.53 ലക്ഷം രൂപയണ് വില. ആർഎക്സ്എല്ലിന് 3.83 ലക്ഷം രൂപയും, ആർഎക്സ്‌ടിക്ക് 4.13 ലക്ഷം രൂപയുമാണ് വില    
 
1.0 ലിറ്റർ എഞ്ചിൻ പതിപ്പിൽ ആർഎക്സ്ടിക്ക് 4.33 ലക്ഷം രൂപയാണ് വില, ക്ലൈംബറിന് 4.54 ലക്ഷം രൂപ നൽകണം, ആർഎക്സ്ടി ഇസിആറിന് 4.63 ലക്ഷവും ക്ലൈംബർ ഇസിആറിന് 4.84 ലക്ഷം രൂപയുമാണ് വില. ഡിസൈനിലും ഇന്റീരിയറിലും നിരവധി മാറ്റങ്ങളുമായാണ് പുതിയ ക്വിഡ് എത്തിയിരിക്കുന്നത്.           
 
കാഴ്ചയിൽ തന്നെ മാറ്റങ്ങൾ പ്രകടമാണ് പുതിയ ക്വിഡിൽ. പുതിയ ബംബറും സ്പ്ലിറ്റ് ഹെഡ്‌ലാമ്പുകളുമാണ് ആദ്യം തന്നെ കണ്ണിലെത്തുന്ന മാറ്റങ്ങൾ. ബംബറിലേക്ക് ഇറങ്ങിനിൽക്കുന്ന തരത്തിലാണ് പ്രധാന ഹെഡ്‌ലാമ്പുകൾ സജ്ജീകരിച്ചിരിക്കുന്നത്. ഹെഡ്‌ലാമ്പുകളുടെ ഡിസൈൻ വാഹനത്തിന് ഒരു മസ്‌കുലർ ലുക്ക് തന്നെ നൽകുന്നുണ്ട്.
 
പിന്നിലേക്ക് വന്നാൽ പുതിയ ടെയിൽ ലാമ്പുകൾ കാണാം. ബോഡിയോഡ് ചേർന്ന് ഒതുങ്ങി നിൽക്കുന്നതാണ് പുതിയ ടെയിൽ ലാമ്പുകൾ. റെനോയുടെ പുത്തൻ എംപി‌വി ട്രൈബറിനോട് സാമ്യമുള്ളതാണ് പുതിയ ക്വിഡിലെ ഇന്റീരിയർ. എട്ട് ഇഞ്ച് ഇൻഫോടെയിന്മെന്റ് സിസിറ്റം, ഡിജിറ്റൽ ഇൻസ്ട്രമെന്റൽ ക്ലസ്റ്റർ എന്നിവ ഇന്റീരിയറിലെ പ്രധാന പ്രത്യേകതകളാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article