പാരീസ് ഒളിമ്പിക്‌സില്‍ പുരുഷന്മാരുടെ 57 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ അമന്‍ ഷെറാവത്തിന് വെങ്കലം.വെള്ളിയാഴ്ച നടന്ന വെങ്കല മെഡല്‍ പോരാട്ടത്തില്‍ പോര്‍ട്ടാറിക്കോ താരം ഡാരിയന്‍ ടോയ് ക്രൂസിനെയാണ് താരം കീഴടക്കിയത്. പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ ആറാം മെഡല്‍ നേട്ടമാണിത്. 13-5 എന്ന ആധികാരികമായ സ്‌കോറിനായിരുന്നു ഇന്ത്യന്‍ താരത്തിന്റെ വിജയം.
ഇതോടെ ഒളിമ്പിക് ചരിത്രത്തില്‍ മെഡല്‍ നേടുന്ന ഏഴാമത്തെ ഇന്ത്യന്‍ ഗുസ്തി താരമായി അമന്‍ മാറി. 1952ല്‍ കെ ഡി ജാദവാണ് ആദ്യമായി ഇന്ത്യയ്ക്ക് ഒളിമ്പിക് ഗുസ്തിയില്‍ മെഡല്‍ സമ്മാനിച്ചത്. വെങ്കല മെഡലാണ് താരം നേടിയത്. 2008ല്‍ സുശീല്‍ കുമാര്‍ വെങ്കലമെഡല്‍ ഗുസ്തിയില്‍ സ്വന്തമാക്കി. 2012ല്‍ ഇത് വെള്ളി മെഡലാക്കി മാറ്റാന്‍ താരത്തിന് സാധിച്ചു. 2012ല്‍ യോഗേശ്വര്‍ ദത്ത്, 2016ല്‍ സാക്ഷി മാലിക്, 2020ല്‍ ബജറംഗ് പുനിയ എന്നിവര്‍ ഒളിമ്പിക്‌സില്‍ വെങ്കലമെഡല്‍ നേട്ടങ്ങള്‍ സ്വന്തമാക്കി. കഴിഞ്ഞ ടോക്യോ ഒളിമ്പിക്‌സില്‍ രവികുമാര്‍ ദഹിയ ഗുസ്തിയില്‍ വെള്ളിമെഡല്‍ സ്വന്തമാക്കിയിരുന്നു. ഇതേ ഭാരവിഭാഗത്തിലാണ് അമന്റെ വെങ്കല മെഡല്‍ നേട്ടം. ഒളിമ്പിക് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ദേശീയ സെലക്ഷന്‍ ട്രയല്‍സില്‍ രവികുമാര്‍ ദഹിയയെ പരാജയപ്പെടുത്തിയാണ് അമന്‍ പാരീസിലേക്ക് ടിക്കറ്റെടുത്തത്.