പഞ്ചാബ് നാഷണൽ ബാങ്കിൽ വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട വജ്ര വ്യാപാരി നീരവ് മോദിയുടെ മഹാരാഷ്ട്രയിലെ 100 കോടി രൂപാ മൂല്യമുളള ആഡംബര ബംഗ്ലാവ് ഇടിച്ചുനിരത്തി. സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ചാണ് കെട്ടിടം ഇടിച്ചുനിരത്തിയത്. കയ്യേറ്റ ഭൂമിയില്‍ പരിസ്ഥിതി ചട്ടങ്ങള്‍ ലംഘിച്ച് പടുത്തുയര്‍ത്ത ബംഗ്ലാവിന്റെ പൊളിച്ചു മാറ്റല്‍ നടപടി വേഗത്തിലാക്കുന്നതിനെ തുടര്‍ന്നാണ് ഇന്ന് ഡയനാമിറ്റുകള്‍ ഉപയോഗിച്ച് കെട്ടിടം തകര്‍ക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
അലിബാഗിലുള്ള 100 കോടി മൂല്യമുള്ള ബംഗ്ലാവാണ് ബോംബെ ഹൈക്കോടതി നിര്‍ദേശ പ്രകാരം ജില്ലാ ഭരണകൂടം ഇടിച്ചു നിരത്തിയത്. 33000 സ്ക്വയര്‍ ഫീറ്റില്‍ കടലിനോട് ചേര്‍ന്നുകിടക്കുന്ന ബംഗ്ലാവ് സര്‍ക്കാര്‍ ചട്ടങ്ങളെല്ലാം ലംഘിച്ചു കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു പൊളിച്ചു നീക്കാന്‍ കോടതി ഉത്തരവിട്ടത്. അനധികൃത ബംഗ്ലാവെന്നാണ് ബോംബൈ ഹൈക്കോടതി രൂപാന എന്ന് പേരിട്ടിരിക്കുന്ന ബംഗ്ലാവിനെ വിശേഷിപ്പിച്ചത്.
നീരവ് മോദി 13,000 കോടി രൂപ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും തട്ടിപ്പ് നടത്തി ഇന്ത്യയില്‍ നിന്നും കടന്നതിന് ശേഷമാണ് നടപടി ഉണ്ടായത്. 25 കോടി രൂപയാണ് ബംഗ്ലാവ് കെട്ടിപ്പടുക്കാന്‍ നീരവ് മോദി ഉപയോഗിച്ചതെന്നാണ് റിപ്പോര്‍ട്ടുകൾ.