വയറിളക്കത്തിനു കാരണമാകുന്ന ബാക്ടീരിയയുള്ള ഗംഗാജലം കുടിക്കാന്‍ പറ്റുമെന്ന് യോഗി ആദിത്യനാഥ്

രേണുക വേണു

വ്യാഴം, 20 ഫെബ്രുവരി 2025 (08:16 IST)
Yogi Adithyanath

മഹാകുംഭ മേള നടക്കുന്ന പ്രയാഗ് രാജിലെ ഗംഗാജലം കുടിക്കാന്‍ സാധിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗംഗാജലത്തില്‍ ഫീക്കല്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം ഉണ്ടെന്ന റിപ്പോര്‍ട്ട് അദ്ദേഹം തള്ളി. കേന്ദ്ര പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് നിഷേധിച്ച യോഗി ത്രിവേണി സംഗമത്തിലെ വെള്ളം കുടിക്കാന്‍ പറ്റുന്നത്ര ശുദ്ധമാണെന്ന് പറഞ്ഞു. 
 
ത്രിവേണി സംഗമത്തിലെ വെള്ളം കുടിക്കാന്‍ പറ്റുന്നത്ര ശുദ്ധമാണ്. സനാതന ധര്‍മത്തെ കുറിച്ചും അമ്മയായ ഗംഗയെ കുറിച്ചും അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. പ്രയാഗ് രാജില്‍ 56 കോടിയിലേറെ വിശ്വാസികള്‍ ഇതിനോടകം സ്‌നാനം നടത്തി. മഹാ കുംഭമേള അലങ്കോലപ്പെടുത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. 
 
സെന്‍ട്രല്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് നാഷണല്‍ ഗ്രീന്‍ ട്രിബ്യൂണലിനു നല്‍കിയ റിപ്പോര്‍ട്ടിലാണ് ത്രിവേണി സംഗമത്തിലെ വെള്ളം കുളിക്കാന്‍ പോലും സാധിക്കാത്തതാണെന്ന് പരാമര്‍ശിച്ചിരിക്കുന്നത്. വയറിളക്കം, ഛര്‍ദി തുടങ്ങിയ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്കു കാരണമാകുന്ന ഫീക്കല്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം ഈ വെള്ളത്തില്‍ ഉണ്ടെന്നാണ് കണ്ടെത്തല്‍. കോടികണക്കിനു ആളുകള്‍ കുളിക്കുന്നതാണ് ത്രിവേണി സംഗമത്തിലെ ജലം അശുദ്ധമാകാനും ബാക്ടീരിയയുടെ സാന്നിധ്യം വര്‍ധിക്കാനും കാരണം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍