അമ്മായിയമ്മയെ കൊല്ലാന്‍ ഗുളിക തേടിയെന്ന ആരോപണത്തെ തുടര്‍ന്ന് ബംഗളൂരില്‍ യുവതി അന്വേഷണം നേരിടുന്നു. യുവതി സമീപിച്ച ഡോക്ടര്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് കേസെടുത്തത്. ഡോ.സുനില്‍കുമാര്‍ ഹെബ്ബി നല്‍കിയ പരാതിയെ തുടര്‍ന്നാണ് സഞ്ജയ്‌നഗര്‍ പൊലീസ് അന്വേഷണം ആരംഭിച്ചത്. ഫെബ്രുവരി 17ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് തനിക്ക് വാട്സ്ആപ്പ് സന്ദേശം ലഭിച്ചതെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ കൂടിയായ ഡോ.ഹെബി മാധ്യമങ്ങളോട് പറഞ്ഞു.
സഹന എന്ന് അവകാശപ്പെടുന്ന ഒരാളില്‍ നിന്നാണ് സന്ദേശം ലഭിച്ചത്. ഡോ. ഹെബ്ബി മെസേജിന് പ്രതികരിച്ചപ്പോള്‍ കന്നഡയില്‍ ആശയവിനിമയം നടത്താന്‍ വ്യക്തി അഭ്യര്‍ത്ഥിച്ചു. കുറച്ച് നേരത്തെ സംഭാഷണത്തിന് ശേഷം, തനിക്ക് ഒരു സെന്‍സിറ്റീവ് വിഷയം ചര്‍ച്ച ചെയ്യാനുണ്ടെന്ന് സഹന വെളിപ്പെടുത്തി, താന്‍ പറയാന്‍ പോകുന്ന കാര്യത്തിന് ഡോക്ടര്‍ ഹെബി തന്നെ ശകാരിക്കുമോ എന്ന് ചോദിച്ചു. തുടര്‍ന്നാണ് അമ്മായിയമ്മയെ കൊല്ലാന്‍ രണ്ട് ഗുളികകള്‍ നിര്‍ദ്ദേശിക്കാന്‍ അവര്‍ ആവശ്യപ്പെട്ടത്.
ഇത്തരമൊരു അഭ്യര്‍ത്ഥന അധാര്‍മ്മികമാണെന്നും ജീവന്‍ രക്ഷിക്കാനുള്ള മെഡിക്കല്‍ പ്രൊഫഷന്റെ പ്രധാന കടമയ്ക്ക് എതിരാണെന്നും സഹനയോട് ഡോ. ഹെബ്ബി പറഞ്ഞു. എന്നിട്ടും ടാബ്ലെറ്റുകളുടെ പേരുകള്‍ മെസ്സേജ് ചെയ്യാന്‍ പ്രതി ഡോക്ടറോട് അപേക്ഷിച്ചു. ഡോക്ടര്‍ അവരുടെ അപേക്ഷ അവഗണിച്ചങ്കിലും സഹന ആവര്‍ത്തിച്ച് സന്ദേശങ്ങള്‍ അയയ്ക്കുന്നത് തുടര്‍ന്നു. ഇതില്‍ അസ്വസ്ഥനായ ഡോക്ടര്‍ അന്ന് ഉച്ചകഴിഞ്ഞ് സഞ്ജയ്‌നഗര്‍ പോലീസ് സ്റ്റേഷനിലെത്തി അവര്‍ക്കെതിരെ പരാതി നല്‍കുകയായിരുന്നു.