'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

നിഹാരിക കെ.എസ്

ഞായര്‍, 9 ഫെബ്രുവരി 2025 (10:01 IST)
സിനിമകള്‍ നൂറുകോടി ക്ലബ്ബില്‍ കയറി എന്നൊക്കെ പെരിപ്പിച്ച് പറയുന്നതില്‍ പലതും വാസ്തവമല്ലെന്ന് നിർമാതാവ് സുരേഷ് കുമാർ. അതിന്റെ സത്യാവസ്ഥ തേടി പോയാല്‍ ഞെട്ടിപ്പിക്കുന്ന കണക്കുകളാണ് പുറത്തു വരുന്നതെന്നും സുരേഷ് കുമാര്‍ പറയുന്നു. താരങ്ങളുടെ പ്രതിഫലത്തെ കുറിച്ചും സിനിമയുടെ കളക്ഷനെ കുറിച്ചും സുരേഷ് കുമാര്‍ വെളിപ്പെടുത്തുകയാണ്. മനോരമയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് സുരേഷ് കുമാർ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടുന്നത്.
 
സിനിമകള്‍ നൂറുകോടി ക്ലബ്ബില്‍ കയറി എന്നൊക്കെ പെരിപ്പിച്ച് പറയുന്നതില്‍ പലതും വാസ്തവമല്ല. അതിന്റെ സത്യാവസ്ഥ തേടി പോയാല്‍ ഞെട്ടിപ്പിക്കുന്ന കണക്കുകളാണ് പുറത്തു വരുന്നതെന്നും സുരേഷ് കുമാര്‍ പറയുന്നു.
 
'സിനിമയുടെ യഥാര്‍ത്ഥ കളക്ഷന്‍ റിപ്പോര്‍ട്ട് ഒരു നിര്‍മ്മാതാവും നമുക്ക് തരാറില്ല. കാരണം യഥാര്‍ത്ഥ കളക്ഷന്‍ പുറത്ത് പറഞ്ഞാല്‍ ആര്‍ട്ടിസ്റ്റ് നിര്‍മാതാവിനെ ചീത്ത വിളിക്കും. അതുകൊണ്ട് അവര്‍ക്ക് പേടിയാണ്. ഞങ്ങള്‍ വിതരണക്കാരെയും തിയേറ്ററുകാരെയും ഒക്കെ വിളിച്ചാണ് കളക്ഷന്‍ റിപ്പോര്‍ട്ട് എടുക്കുന്നത്. റിപ്പോര്‍ട്ട് പുറത്ത് വിട്ടില്ലെങ്കില്‍ ഇനിയും 100 കോടി ക്ലബ്ബ് എന്ന വീരവാദം ഒക്കെ കേള്‍ക്കേണ്ടിവരും.
 
കഴിഞ്ഞ ദിവസം എക്‌സിബിറ്റേഴ്‌സും തിയേറ്റര്‍ ഉടമകളും ഞങ്ങളുമെല്ലാം കൂടിയുള്ള മീറ്റിങ്ങില്‍ ആണ് 100 കോടി രൂപ കളക്ട് ചെയ്ത പടം ഏതാണെന്ന് പറയാന്‍ വെല്ലുവിളിച്ചത്. ഒരു പടവും 100 കോടി കളക്ട് ചെയ്തിട്ടില്ല എല്ലാം പെരുപ്പിച്ച് പറയുന്നത് മാത്രമാണ്. ഗ്രോസ് കളക്ഷന്‍ 100 കോടി വന്നാല്‍ നിര്‍മ്മാതാവിന് കിട്ടുന്നത് 30 കോടിയായിരിക്കും. 30 കോടി ടാക്‌സ് പോകും 55 ശതമാനം തിയേറ്ററിന് പോകും. പ്രിന്റ്, പബ്ലിസിറ്റി ഒക്കെ ചെയ്തിട്ട് ബാക്കി നിര്‍മ്മാതാവിന് എത്രയാണ് കിട്ടുന്നത്?
 
നൂറുകോടി ക്ലബ്ബ് എന്ന് പറഞ്ഞ് പോസ്റ്റര്‍ ഒട്ടിച്ച് ഇറക്കുന്നതൊന്നും വാസ്തവമല്ല. ഞങ്ങളുടെ സംഘടന 'വെള്ളിത്തിര' എന്ന പേരില്‍ ഒരു യൂട്യൂബ് ചാനല്‍ തുടങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. അതിലൂടെ മുഴുവന്‍ കാര്യങ്ങളും പുറത്തുവിടും. ഇനി മുതല്‍ ഓരോ മാസത്തെ കണക്കും പുറത്തുവിടാന്‍ ആണ് ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്.
 
എല്ലാമാസവും സിനിമകളുടെ റിലീസ് സംബന്ധിച്ച് അവലോകനം നടത്തും. കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയാല്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാവരുടെയും യഥാര്‍ത്ഥ പ്രതിഫലത്തിന്റെ കണക്കുകള്‍ പുറത്തുവിടും. താരങ്ങള്‍ പ്രതിഫലം മാത്രമല്ല ഓവര്‍സീസ് റൈറ്റും വാങ്ങിക്കൊണ്ടു പോവുകയാണ്. ഒരു വലിയ താരത്തിന്റെ സിനിമ വന്നാല്‍ അഞ്ചാറ് കോടി രൂപ ഓവര്‍സീസ് കിട്ടും. അതും കൂടി അവര്‍ എടുക്കുകയാണ്.. പടം മോശമാണെങ്കില്‍ പോലും രണ്ട് കോടി രൂപയെങ്കിലും കിട്ടും. അതും അവര്‍ക്ക് വേണം. അപ്പോള്‍ പിന്നെ എന്താണ് പാവം നിര്‍മ്മാതാവിന് കിട്ടുന്നത്. എന്തിനാണ് അയാള്‍ പ്രൊഡ്യൂസ് ചെയ്യുന്നത്? പടം പൊട്ടിയാല്‍ പോലും പ്രതിഫലം കുറയ്ക്കാന്‍ ആര്‍ട്ടിസ്റ്റുകള്‍ തയ്യാറാകുന്നില്ല. ഒരിക്കല്‍ കൂട്ടിയാല്‍ പിന്നെ കുറയ്ക്കുകയില്ല. അമ്മ സംഘടനയുമായി ഇത് ചര്‍ച്ച ചെയ്യാന്‍ നോക്കിയാല്‍ ഇപ്പോള്‍ സംഘടനയുമില്ല പിന്നെ ആരുമായി സംസാരിക്കാനാണെന്നും' സുരേഷ് കുമാര്‍ ചോദിക്കുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍