വെളിച്ചെണ്ണയുടെ വില ഉയരുന്നു: സപ്ലൈകോയില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് വാങ്ങാവുന്ന കേര വെളിച്ചെണ്ണയുടെ അളവ് ഒന്നില്‍ നിന്ന് രണ്ടു ലിറ്ററായി ഉയര്‍ത്തി

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 13 ഓഗസ്റ്റ് 2025 (15:38 IST)
oil
വെളിച്ചെണ്ണയുടെ വില ഉയരുന്ന സാഹചര്യത്തില്‍ സപ്ലൈകോ വില്‍പ്പനശാലകളില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് വാങ്ങാവുന്ന കേര വെളിച്ചെണ്ണയുടെ അളവ് ഒന്നില്‍ നിന്ന് രണ്ടു ലിറ്ററായി ഉയര്‍ത്തി. വെളിച്ചെണ്ണയുടെ ആവശ്യകത വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് തീരുമാനം. പരമാവധി വില്‍പ്പന വില 529 രൂപയുള്ള ഒരു ലിറ്റര്‍ 'കേര' വെളിച്ചെണ്ണ 457 രൂപയ്ക്കാണ് സപ്ലൈകോ വില്‍ക്കുന്നത്. സബ്സിഡി നിരക്കില്‍ ലഭിക്കുന്ന ഒരു ലിറ്റര്‍ വെളിച്ചെണ്ണയ്ക്കും നോണ്‍ സബ്സിഡി നിരക്കില്‍ ലഭിക്കുന്ന സപ്ലൈകോയുടെ ശബരി വെളിച്ചെണ്ണയ്ക്കും പുറമെയാണിത്.
 
സപ്ലൈകോയുടെ സ്വന്തം ബ്രാന്‍ഡായ ശബരി വെളിച്ചെണ്ണ കാര്‍ഡ് ഒന്നിന് സബ്സിഡി നിരക്കില്‍ ഒരു ലിറ്റര്‍ ആണ് ലഭിക്കുന്നത്. ഇതിന് 349 രൂപയാണ് വില. വെളിച്ചെണ്ണയുടെ വിലയില്‍ ഗണ്യമായ വര്‍ധനവുണ്ടായപ്പോള്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയും സപ്ലൈകോ മാനേജ്മെന്റും വെളിച്ചെണ്ണ വിതരണക്കാരുമായി ചര്‍ച്ച നടത്തുകയും വില കുറയ്ക്കുന്നതിനുള്ള വിപണി ഇടപെടല്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുകയും ചെയ്തിരുന്നു. ഈ നടപടി ഫലപ്രദമാവുകയും ഓണക്കാലത്ത് വെളിച്ചെണ്ണ വില ഉയരുന്നത് നിയന്ത്രിക്കാനും കഴിഞ്ഞിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍