‘ദൃഢമായി ചേർത്ത് പിടിച്ച് ആലിംഗനം ചെയ്‌തു, ആ നിമിഷം ഭയപ്പെട്ടു പോയി’; അർജുനെതിരെയും മീ ടൂ ആരോപണവുമായി നടി

Webdunia
ശനി, 20 ഒക്‌ടോബര്‍ 2018 (14:57 IST)
തമിഴ്‌ സൂപ്പര്‍താരം അര്‍ജുനെതിരെ മീ ടു വെളിപ്പെടുത്തലുമായി യുവനടി ശ്രുതി ഹരിഹരൻ. അരുണ്‍ വൈദ്യനാഥൻ സംവിധാനം ചെയ്‌ത നിബുണന്‍ എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് അര്‍ജുന്‍ മോശമായി പെരുമാറുകയും മാനസികമായി ആക്രമിച്ചുവെന്നുമാണ് ശ്രുതി ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ വ്യക്തമാക്കിയത്.

മീ ടൂ ക്യാമ്പെയ്‌നെ അഭിനന്ദിച്ച ശേഷമാണ് ശ്രുതി തനിക്കുണ്ടായ അനുഭവം പങ്കുവെച്ചത്.

“അര്‍ജുന്‍ സാര്‍ നായകനായ ചിത്രത്തില്‍ അഭിനയിക്കാന്‍ സാധിച്ചത് വളരെ ആവേശത്തോടെയാണ് ഞാന്‍ കണ്ടത്. സിനിമയില്‍ അദ്ദേഹത്തിന്റെ ഭാര്യയുടെ വേഷമാണ് ഞാന്‍ കൈകാര്യം ചെയ്‌തത്. ഒരു ദിവസം പ്രേമരംഗം ചിത്രീകരിക്കുന്നതിനിടെയാണ് ആ സംഭവം ഉണ്ടായത് “

“ചെറിയൊരു സംസാരത്തിനൊടുവില്‍ ഞങ്ങള്‍ ആലിംഗനം ചെയ്യുന്ന രംഗമായിരുന്നു ചിത്രീകരിക്കേണ്ടത്. ആ സീന്‍ എടുക്കുന്നതിന് മുമ്പുള്ള റിഹേഷ്‌സലിന് ഇടയ്‌ക്ക് മുൻകൂട്ടി പറയുകയോ അനുമതി ചോദിക്കുകയോ ചെയ്യാതെ അർജുൻ എന്നെ ശരീരത്തോടു ചേർത്ത് പിടിച്ച് ദൃഢമായി ആലിംഗനം ചെയ്‌തു കൊണ്ട് ഇങ്ങനെ ചെയ്‌താന്‍ നല്ലതല്ലേയെന്ന് സംവിധായകനോട് ചോദിച്ചു. ഭയപ്പെട്ട അവസ്ഥയിലായിരുന്നു ഞാന്‍ അപ്പോള്‍ ഉണ്ടായിരുന്നത്” - എന്നും ശ്രുതി വ്യക്തമാക്കി.

ചിത്രത്തിന്റെ സംവിധായകനായ അരുണിന് എന്റെ അസ്വസ്ഥത മനസിലായി. തുടര്‍ന്ന് റിഹേഴ്സലുകൾക്ക് താല്‍പ്പര്യം ഇല്ലെന്നും നേരെ ടേക്കിലേക്ക് പോകാമെന്നും ഡയറക്ഷൻ ടീമിനെ അറിയിച്ചു. ചുരുങ്ങിയത് അമ്പതോളം പേരടങ്ങുന്ന ഷൂട്ടിംഗ് സംഘത്തിനു മുമ്പില്‍ നടന്ന ഇക്കാര്യം എന്റെ മെയ്ക്കപ്പ് ടീമിനോടും ഞാൻ പങ്കു വച്ചുവെന്നും ശ്രുതി കൂട്ടിച്ചേര്‍ത്തു.

റിയലിസ്‌റ്റിക്കായ ഷോട്ടുകള്‍ സിനിമയില്‍ വരണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാന്‍. പക്ഷേ അര്‍ജുന്‍ എന്ന നടനില്‍ നിന്നുമുണ്ടായ ഈ സംഭവം തീർത്തും തെറ്റായി തോന്നി. പ്രൊഫഷണലിസം കൊണ്ടായിരിക്കാം അദ്ദേഹം അങ്ങനെ ചെയ്‌തത്. പക്ഷേ എനിക്ക് ദേഷ്യം മാത്രമാണ് തോന്നിയത്. എന്ത് പറയണമെന്ന് അറിയാത്ത അവസ്ഥയായിരുന്നു അപ്പോള്‍ എന്നും ശ്രുതി പറഞ്ഞു.

അര്‍ജുന്റെ സമീപനത്തോട് സഹിഷ്ണുത വച്ചുപുലർത്തുന്നതിനെക്കാളും നല്ലത് ഒഴിഞ്ഞുമാറുകയാണെന്ന് എനിക്ക് തോന്നി. ജോലിസ്ഥലത്താണ് എനിക്ക് ഈ അനുഭവം ഉണ്ടായത്. കരാർ ഒപ്പിട്ടിട്ടുള്ളതിനാൽ ചെയ്യേണ്ട ജോലി പൂർത്തീകരിക്കണമായിരുന്നു. ചിത്രീകരണത്തിനിടയിൽ അദ്ദേഹം പറഞ്ഞ കുത്തുവാക്കുകൾ എന്റെ തൊഴിൽ അന്തരീക്ഷത്തെ അസഹ്യമാക്കിയെന്നും തന്റെ പോസ്‌റ്റില്‍ ശ്രുതി വ്യക്തമാക്കി.

സിനിമയെ ബാധിക്കാതിരിക്കാന്‍ അര്‍ജുന്റെ പ്രവർത്തികള്‍ തെറ്റാണെന്ന് അറിഞ്ഞിട്ടും ഞാന്‍ അവഗണിച്ചു. അദ്ദേഹത്തിന്റെ പ്രവർത്തികൾ അവസാനിപ്പിക്കാതെ തുടരുന്നതിൽ അമ്പരന്നിട്ടും, ഞാൻ സൗഹാർദപൂർണമായ അകലം പാലിച്ചു. ഷൂട്ടിനു ശേഷം അദ്ദേഹത്തെ കാണാനുള്ള ക്ഷണങ്ങൾ എന്നെ നടുക്കിയെന്നും ശ്രുതി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article