വിഴിഞ്ഞം തുറമുഖം ഉദ്ഘാടനത്തിന് താന്‍ നേരത്തെ എത്തിയതില്‍ മരുമകന് സങ്കടമാണെന്നും ഇനിയും ധാരാളം സങ്കടപ്പെടേണ്ടി വരുമെന്നും രാജീവ് ചന്ദ്രശേഖര്‍. വിഴിഞ്ഞം തുറമുഖ ഉദ്ഘാടന വേദിയില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ നേരത്തെ കയറിയിരുന്നതിനെ മന്ത്രി പിഎ മുഹമ്മദ് റിയാസ് കഴിഞ്ഞ ദിവസം രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിനു മറുപടിയായാണ് രാജീവ് ചന്ദ്രശേഖര്‍ രംഗത്തെത്തിയത്.
ഇതെല്ലാം കാണുമ്പോള്‍ കമ്മ്യൂണിസ്റ്റ് രാജവംശത്തിന്റെ മരുമകന് സങ്കടമാണ്, ഒരു ഡോക്ടറെ പോയി കാണുന്നതാണ് ആ സങ്കടത്തിന് മരുന്ന്. ഞാന്‍ നേരത്തെ വന്നതിലാണ് സങ്കടം, എന്തുകൊണ്ട് നേരത്തെ വന്നു? പ്രവര്‍ത്തകര്‍ നേരത്തെ വന്നതുകൊണ്ട് സംസ്ഥാന പ്രസിഡണ്ടായ ഞാനും അവര്‍ക്കൊപ്പം വരണം എന്ന് കരുതിയാണ് നേരത്തെ എത്തിയത്. എട്ടേമുക്കാലോടെ അവിടെ എത്തി. എല്ലാവരും വിഐപി ലോഞ്ചിലേക്ക് പോയപ്പോള്‍ ഞാന്‍ പ്രവര്‍ത്തകരെ കാണാന്‍ വേദിയിലേക്ക് കയറി. പ്രവര്‍ത്തകര്‍ ഭാരത് മാതാ കി ജയ് പറഞ്ഞപ്പോള്‍ ഞാനും ഒപ്പം ഭാരത് മാതാ കീ ജയ് പറഞ്ഞു. ഇതിനൊക്കെ സങ്കടപ്പെട്ടാല്‍ വരുംകാലത്ത് ധാരാളം സങ്കടപ്പെടും. ഇവിടെ ഇനി ഉറക്കം ഉണ്ടാകില്ലെന്ന് മോദിജി പറഞ്ഞത് ശരിയാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
അതേസമയം കടല്‍ വഴിയുള്ള വ്യാപാരത്തിന്റെ ആഗോള കേന്ദ്രമായി കേരളം മാറട്ടെയെന്നാണ് തന്റെ സ്വപ്‌നമെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞു. അതിലൂടെ ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും. ഇത് യാഥാര്‍ത്ഥ്യമാക്കുന്നതിനായി സംസ്ഥാന സര്‍ക്കാരുമായി കേന്ദ്രം യോജിച്ച് പ്രവര്‍ത്തിക്കും. കേരളത്തിലെ ജനങ്ങളുടെ പ്രതിഭയും ഉത്സാഹവും വഴി ഇന്ത്യയുടെ സമുദ്ര വ്യാപാര മേഖല പുതിയ ഉയരങ്ങള്‍ കീഴടക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും മോദി പറഞ്ഞു.