വിഴിഞ്ഞം തുറമുഖ ഉദ്ഘാടനം: പൊതുസമ്മേളനത്തില്‍ പ്രസംഗിക്കാന്‍ പ്രതിപക്ഷ പ്രതിനിധികള്‍ക്ക് അവസരമില്ല, പ്രധാനമന്ത്രിക്ക് 45 മിനിറ്റ്, മുഖ്യമന്ത്രിക്ക് 5 മിനിറ്റ്
വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തിലെ പൊതുസമ്മേളനത്തില്‍ പ്രസംഗിക്കാന്‍ പ്രതിപക്ഷ പ്രതിനിധികള്‍ക്ക് അവസരമില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി വിഎന്‍ വാസവനും മാത്രമായിരിക്കും സംസാരിക്കുന്നത്. പ്രധാനമന്ത്രി 45 മിനിറ്റും മുഖ്യമന്ത്രി അഞ്ചു മിനിറ്റും മന്ത്രി വി എന്‍ വാസവന്‍ മൂന്നു മിനിറ്റുമാണ് സംസാരിക്കുക. പ്രതിപക്ഷ പ്രതിനിധികളായ ശശി തരൂരിനും എംവിന്‍സന്റിനും സംസാരിക്കാന്‍ അവസരമില്ല. ഇരുവരും തുറമുഖം നിലനില്‍ക്കുന്ന പ്രദേശത്തിന്റെ എംപിയും എംഎല്‍എയുമാണ്.
അതേസമയം തുറമുഖം ഉദ്ഘാടനത്തിന് തൊട്ടുമുന്‍പ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രസംഗം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചു. വിഴിഞ്ഞം തുറമുഖത്തെപ്പറ്റി 2015 ജൂണ്‍ എട്ടിന് ഉമ്മന്‍ചാണ്ടി നിയമസഭയില്‍ നടത്തിയ പ്രസംഗമാണ് സതീശന്‍ പോസ്റ്റ് ചെയ്തത്. ഉമ്മന്‍ചാണ്ടി ഇന്നില്ല, മായ്ച്ചാലും മായാത്ത ചരിത്രമായി ഉമ്മന്‍ചാണ്ടി ജനഹൃദയങ്ങളില്‍ ജീവിക്കുന്നുവെന്ന് കുറിച്ചാണ് സതീഷന്‍ പ്രസംഗം പങ്കുവെച്ചത്.
വിഴിഞ്ഞം തുറമുഖത്തിന് എല്ലാവിധ ആശംസകളും നേരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഉദ്ഘാടന വേദിയില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനും ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരനും ഇരിപ്പിടം ഒരുക്കിയിട്ടുണ്ട്. പ്രതിപക്ഷനേതാവിനെ ക്ഷണിച്ചില്ല എന്ന പരാതികള്‍ക്കിടയിലാണ് അദ്ദേഹത്തിനും ഇരിപ്പിടം ഒരുക്കിയിരിക്കുന്നത്. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയുമടക്കം 17 പേര്‍ക്കാണ് വേദിയില്‍ ഇരിപ്പിടം ഒരുക്കിയിട്ടുള്ളത്. അതേസമയം വിഡി സതീശന്‍ ഉദ്ഘാടനത്തില്‍ പങ്കെടുക്കില്ലെന്നാണ് വിവരം.