യുഎസ് നാവികസേനയുടെ ഹെലികോപ്റ്ററും യുദ്ധവിമാനവും ദക്ഷിണ ചൈന കടലില്‍ തകര്‍ന്നുവീണു

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 27 ഒക്‌ടോബര്‍ 2025 (11:32 IST)
യുഎസ് നാവികസേനയുടെ ഹെലികോപ്റ്ററും യുദ്ധവിമാനവും ദക്ഷിണ ചൈന കടലില്‍ തകര്‍ന്നുവീണു. എല്ലാ ജീവനക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തിയെന്നും രണ്ട് സംഭവങ്ങളുടെയും കാരണത്തെക്കുറിച്ച് യുഎസ് നാവികസേന അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. യുഎസ്എസ് നിമിക്‌സ് എന്ന വിമാനവാഹിനി കപ്പലില്‍ നിന്ന് പറന്നുയര്‍ന്ന ഹെലികോപ്റ്റര്‍ ആണ് ആദ്യം തകര്‍ന്നു വീണത്.
 
ഇതില്‍ ഉണ്ടായിരുന്ന മൂന്നു പേരെ രക്ഷപ്പെടുത്തി. 30 മിനിറ്റിനു ശേഷംഇതേ വിമാന വാഹിനി കപ്പലില്‍ നിന്ന് പുറപ്പെട്ട എഫ് എ-18 സൂപ്പര്‍ ഹോര്‍നെറ്റ് യുദ്ധവിമാനവും തകര്‍ന്നു വീഴുകയായിരുന്നു. 528 കോടി രൂപയാണ് യുദ്ധവിമാനത്തിന്റെ വില. ഈ വര്‍ഷം നാലാമത്തെ എഫ് എ-18 യുദ്ധവിമാനമാണ് അമേരിക്കയ്ക്ക് നഷ്ടപ്പെടുന്നത്. നിരവധി ഏഷ്യന്‍ രാജ്യങ്ങള്‍ അവകാശവാദം ഉന്നയിക്കുന്ന ദക്ഷിണ ചൈന കടലില്‍ ചൈന സമ്പൂര്‍ണ്ണമായ ഉടമസ്ഥാവകാശം അവകാശപ്പെടുന്നുണ്ട്.
 
അന്താരാഷ്ട്ര കോടതിവിധി ലംഘിച്ചു കൊണ്ടാണിത്. തര്‍ക്കത്തിലുള്ള ദ്വീപുകളിലും സൈനിക കേന്ദ്രങ്ങള്‍ നിര്‍മ്മിച്ച് ചൈന അവകാശവാദങ്ങള്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. ചൈനയെ പ്രതിരോധിക്കുന്നതിനു വേണ്ടിയാണ് അമേരിക്ക ഈ മേഖലയില്‍ സാന്നിധ്യം നിലനിര്‍ത്തുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍