പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടാല്‍ ലഭിക്കുമെന്ന് പ്രതീക്ഷിച്ച കേന്ദ്രഫണ്ട് ഇതുവരെ വന്നില്ല; വിദ്യാഭ്യാസ വകുപ്പിന് ആശങ്ക

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 27 ഒക്‌ടോബര്‍ 2025 (09:39 IST)
പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടാല്‍ ലഭിക്കുമെന്ന് പ്രതീക്ഷിച്ച കേന്ദ്രഫണ്ട് ഇതുവരെ വരാത്തതില്‍ വിദ്യാഭ്യാസ വകുപ്പിന് ആശങ്ക. പദ്ധതിയില്‍ ഒപ്പിട്ടാല്‍ തടഞ്ഞുവെച്ച 971 കോടി രൂപയുടെ സമഗ്ര ശിക്ഷ അഭിയാന്‍ ഫണ്ട് അനുവദിക്കാം എന്നായിരുന്നു കേന്ദ്രം പറഞ്ഞിരുന്നത്. എന്നാല്‍ പി എം ശ്രീ ഒപ്പിട്ടിട്ടും നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടും രണ്ടു ദിവസമായിട്ടും പണം ലഭിച്ചിട്ടില്ല. പണം ലഭിക്കാന്‍ വൈകിയാല്‍ വിദ്യാഭ്യാസ വകുപ്പിനെ അത് കൂടുതല്‍ പ്രതിസന്ധിയിലാക്കും.
 
അതേസമയം വിഷയത്തില്‍ കടുത്ത നിലപാട് സ്വീകരിച്ചിരിക്കുന്ന സിപിഐയെ അനുനയിപ്പിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് യോഗം ചേരും. രാവിലെ 10 മണിക്ക് എകെജി സെന്ററിലാണ് യോഗം. പിഎം ശ്രീ ഒപ്പിട്ടതില്‍ എല്‍ഡിഎഫിലെ ഏറ്റുമുട്ടല്‍ തുടരുകയാണ്. സാമാന്യ മുന്നണി മര്യാദ പോലും സിപിഎം മറന്നത് നിസ്സാരമായി കാണാനാവില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ആര്‍എസ്എസ് അജണ്ട ഒളിച്ചു കടത്താനുള്ള സംവിധാനമാണ് പി എം ശ്രീ എന്നും അങ്ങനെ ഒന്നിന്റെ വ്യവസ്ഥ അംഗീകരിച്ച സര്‍ക്കാര്‍ അതില്‍ കക്ഷിയായാല്‍ രാജ്യമെമ്പാടും ഇടതുപക്ഷത്തിന്റെ പോരാട്ടങ്ങള്‍ ദുര്‍ബലപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
 
മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. മുന്നണി മര്യാദ ഒരു ഭംഗി വാക്കല്ലെന്നും ഞങ്ങള്‍ക്ക് മാത്രമല്ല എല്ലാ പാര്‍ട്ടികള്‍ക്കും മുന്നണിയില്‍ നടക്കുന്ന കാര്യങ്ങള്‍ അറിയാന്‍ അവകാശം ഉണ്ടെന്നും ഭാവി തലമുറയെയും ഇന്ത്യന്‍ രാഷ്ട്രീയത്തെയും ബാധിക്കുന്ന വിഷയത്തില്‍ സാമാന്യ മര്യാദ പോലും സിപിഎം മറന്നത് നിസ്സാരമായി കാണാന്‍ ആവില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്തിനാണ് രഹസ്യമായി ഒപ്പിട്ടതെന്ന് ഞങ്ങള്‍ക്കറിയില്ല. വിഷയത്തില്‍ തീരുമാനമെടുക്കുമ്പോള്‍ ആദ്യം മന്ത്രിസഭ അറിയണമെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍