ദേവസ്വം ബോർഡിൽ വാച്ചറായി ജോലിയിൽ കയറിയ ഇയാൾ പിന്നീട് പോലീസിൽ ജോലി ലഭിച്ചെങ്കിലും അവിടത്തെ കഠിനമായ പരിശീലന മുറകൾ കാരണം രാജിവയ്ക്കുകയും പിന്നീട് ദേവസ്വം ബോർഡിലെ ഒരു മുൻ പ്രസിഡൻ്റിൻ്റെ ആശീർവാദത്തോടെ ക്ലർക്ക് ആയി കയറിപ്പറ്റുകയും ജോലിയിൽ ഇരുന്ന പല സ്ഥലങ്ങളിലും വൻ അഴിമതി ആരോപണങ്ങളിൽ ഉൾപ്പെട്ടിട്ടും ഉന്നതങ്ങളിലെ പിടിപാടുമൂലം അഡ്മിനിസ്ട്രേറ്റീവ് പദവി വരെ വെട്ടിപ്പിടിക്കുകയും ആയിരുന്നു.
1998-99 കാലത്ത് 30.29 കിലോ സ്വർണ്ണം കൊണ്ടു പൊതിഞ്ഞ ശ്രീകോവിലിലെ ദ്വാരപാലക ശിൽപ്പങ്ങളും വാതിൽപ്പാളി / കട്ടിളയും വെറും ചെമ്പു തകിടാണെന്ന് കള്ള റിപ്പോർട്ട് ഉണ്ടാക്കിയായിരുന്നു തട്ടിപ്പിനു ഇയാൾ ഉൾപ്പെടെയുള്ളവർ തുടക്കമിട്ടത്. എന്നാൽ അറസ്റ്റിലായി മുരാരി ബാബു പറയുന്നത് കേവലം ഒരു അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മാത്രമായ തനിക്കു മാത്രമായി ഇത്തരമൊരു റിപ്പോർട്ട് ഉണ്ടാക്കാൻ ആവില്ലെന്നും മുകളിൽ നിന്നുള്ള നിർദ്ദേശം അനുസരിക്കുക മാത്രമാണ് ചെയ്തത് എന്നുമാണ്.
ഈ മൊഴി സർക്കാരിലെയും ബോർഡിലെയും ഉന്നതന്മാർ ഉൾപ്പെടെയുള്ളവർക്ക് കുരുക്കാണെന്നാണ് നിരീക്ഷകർ കണക്കാക്കുന്നത്. ഇതിനൊപ്പം മുരാരി ബാബു നിലവിൽ സ്വർണ്ണക്കൊള്ള സംബന്ധിച്ച രണ്ടു കേസുകളിൽ പ്രതി ആയത് കൂടാതെ ഹൈക്കോടതി നിർദ്ദേശ പ്രകാരം എടുക്കുന്ന ഗൂഡാലോചന കേസിലും പ്രതിയാകും. മുരാരി ബാബു സ്വർണ്ണ കൊള്ളയ്ക്ക് കൂട്ടുനിന്നത് കൂടാതെ ഇതിൻ്റെ തെളിവ് നശിപ്പിച്ചതിലും കുറ്റക്കാരനാണ്.