2026 നിയമസഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനു പാലക്കാട് സീറ്റ് നല്‍കരുതെന്ന തീരുമാനത്തിലേക്ക് പാലക്കാട് ഡിസിസിയും സംസ്ഥാന നേതൃത്വവും എത്തിക്കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് പാലക്കാട് മത്സരിക്കാന്‍ ഷാഫി തയ്യാറെടുക്കുന്നത്. ലോക്‌സഭാ എംപിമാര്‍ നിയമസഭയിലേക്ക് മത്സരിക്കുന്നതിനോടു സംസ്ഥാന നേതൃത്വത്തിനു എതിര്‍പ്പുണ്ടെങ്കിലും പ്രാദേശിക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് വിട്ടുവീഴ്ചകള്‍ ആകാമെന്നാണ് എഐസിസി നിലപാട്.
വി.ഡി.സതീശന്‍, രമേശ് ചെന്നിത്തല ഗ്രൂപ്പുകളോട് ഇടഞ്ഞുനില്‍ക്കുന്ന ഷാഫി പറമ്പില്‍ - രാഹുല്‍ മാങ്കൂട്ടത്തില്‍ വിഭാഗത്തിനു കെ.സി.വേണുഗോപാലുമായി ഇപ്പോള്‍ അടുത്ത ബന്ധമുണ്ട്. കെ.സി.വേണുഗോപാലും നിയമസഭയിലേക്ക് മത്സരിക്കാന്‍ ആഗ്രഹിക്കുന്നുണ്ട്.
തന്റെ നോമിനിയായാണ് ഉപതിരഞ്ഞെടുപ്പ് വന്നപ്പോള്‍ ഷാഫി രാഹുലിനെ സ്ഥാനാര്‍ഥിയാക്കിയത്. ലൈംഗികാരോപണങ്ങള്‍ നേരിടുന്ന സാഹചര്യത്തില്‍ രാഹുലിനെ വീണ്ടും മത്സരിപ്പിക്കുന്നതിനോടു ജില്ലാ നേതൃത്വത്തിനു കടുത്ത എതിര്‍പ്പുണ്ട്. തന്റെ ഗ്രൂപ്പിലുള്ള മറ്റാര്‍ക്കെങ്കിലും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് സീറ്റ് നല്‍കണമെന്ന നിലപാടായിരുന്നു തുടക്കത്തില്‍ ഷാഫിക്ക്. എന്നാല്‍ അങ്ങനെ ചെയ്താല്‍ വിജയസാധ്യത കുറഞ്ഞേക്കുമെന്ന പേടിയിലാണ് സ്വയം മത്സരിക്കാമെന്ന തീരുമാനത്തിലേക്ക് ഷാഫി എത്തിയിരിക്കുന്നത്. ഷാഫി നിയമസഭയിലേക്ക് മത്സരിച്ചാല്‍ വടകര ലോക്‌സഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടിവരും.