ഇന്ത്യക്ക് പിന്നാലെ പാക്കിസ്ഥാനിലേക്കുള്ള ജലപ്രവാഹം നിയന്ത്രിക്കാനൊരുങ്ങി അഫ്ഗാനിസ്ഥാന്‍; ഉത്തരവ് പ്രഖ്യാപിച്ചു

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 24 ഒക്‌ടോബര്‍ 2025 (17:08 IST)
പാകിസ്ഥാനിലേക്കുള്ള നദികളിലെ ജലപ്രവാഹം നിയന്ത്രിക്കാനും അണക്കെട്ടുകള്‍ നിര്‍മ്മിക്കാനുമുള്ള പദ്ധതികള്‍ അഫ്ഗാനിസ്ഥാന്‍ പ്രഖ്യാപിച്ചതായി രാജ്യത്തെ വാര്‍ത്താവിനിമയ മന്ത്രാലയം സ്ഥിരീകരിച്ചു. കുനാര്‍ നദിയിലെ അണക്കെട്ട് നിര്‍മ്മാണം വേഗത്തിലാക്കാനുള്ള നിര്‍ദ്ദേശം സുപ്രീം നേതാവ് മൗലവി ഹിബത്തുള്ള അഖുന്ദ്സാദ പുറപ്പെടുവിച്ചതായി റിപ്പോര്‍ട്ടുണ്ട്. 
 
പാകിസ്ഥാനുമായി ജലം പങ്കിടുന്നതില്‍ ഇന്ത്യയുടെ സമീപകാല നിലപാടിനെയാണ് അഫ്ഗാനിസ്ഥാന്റെ തീരുമാനം പ്രതിഫലിപ്പിക്കുന്നത്. ഏപ്രില്‍ 22 ന് പഹല്‍ഗാമില്‍ പാകിസ്ഥാന്‍ പിന്തുണയുള്ള തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 26 സാധാരണക്കാര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് ഇന്ത്യ നേരത്തെ സിന്ധു നദീജല ഉടമ്പടി നിര്‍ത്തിവച്ചിരുന്നു. ഈ ഉടമ്പടി പ്രകാരം മൂന്ന് പടിഞ്ഞാറന്‍ നദികളില്‍ നിന്നുള്ള വെള്ളം പാകിസ്ഥാനുമായി പങ്കിടാന്‍ ഇന്ത്യ ബാധ്യസ്ഥനായിരുന്നു.
 
അഫ്ഗാന്‍ ജല-ഊര്‍ജ്ജ മന്ത്രാലയം കുനാര്‍ നദിയിലെ അണക്കെട്ട് നിര്‍മ്മാണം ഉടന്‍ ആരംഭിക്കാന്‍ നിര്‍ദ്ദേശം നല്‍കി. എക്സിലെ ഒരു പോസ്റ്റില്‍ ഇന്‍ഫര്‍മേഷന്‍ ഡെപ്യൂട്ടി മന്ത്രി മുഹാജര്‍ ഫറാഹിയാണ് പ്രഖ്യാപനം നടത്തിയത്. 480 കിലോമീറ്റര്‍ നീളമുള്ള കുനാര്‍ നദി പാകിസ്ഥാന് സമീപമുള്ള ബ്രോഗില്‍ ചുരത്തിനടുത്തുള്ള ഹിന്ദുകുഷ് പര്‍വതനിരകളില്‍ നിന്നാണ് ഉത്ഭവിക്കുന്നത്. കുനാര്‍, നന്‍ഗര്‍ഹാര്‍ പ്രവിശ്യകളിലൂടെ ഒഴുകുന്ന ഇത് ഒടുവില്‍ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ പ്രവേശിക്കുന്നു. അവിടെ ജലാലാബാദിനടുത്തുള്ള കാബൂള്‍ നദിയുമായി ലയിക്കുന്നു. പാകിസ്ഥാനില്‍, ഈ നദി ചിത്രാല്‍ നദി എന്നറിയപ്പെടുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍