റഷ്യയിലെ വമ്പന്‍ എണ്ണകമ്പനികളായ റോസ്‌നെഫ്റ്റ്, ലൂക്കോയില്‍ എന്നിവയ്‌ക്കെതിരെയുള്ള അമേരിക്കന്‍ ഉപരോധത്തില്‍ പ്രതിസന്ധിയിലായി റഷ്യ. അമേരിക്കന്‍ പ്രഖ്യാപനം വന്നതിന് പിന്നാലെ ഇന്ത്യന്‍, ചൈനീസ് കമ്പനികള്‍ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കുറച്ചതാണ് റഷ്യയെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്.
റിലയന്‍സ് ഇന്‍ഡസ്ട്രീസിന് പുറമെ ഇന്ത്യയുടെ പൊതുമേഖലാ എണ്ണകമ്പനികളായ ഇന്ത്യന്‍ ഓയില്‍,ബിപിസിഎല്‍,എച്ച്പിസിഎല്‍,മാംഗ്ലൂര്‍ റിഫൈനറി തുടങ്ങിയവ എണ്ണ ഇറക്കുമതി താത്കാലികമായി നിര്‍ത്തിയതിന് പിന്നാലെ ചൈനീസ് പൊതുമേഖല എണ്ണകമ്പനികളായ സിനോപെക്,പെട്രോചൈന,സിനൂക്,ഷെന്‍ഹുവ ഓയില്‍ എന്നിവയും റഷ്യയുമായുള്ള ഹ്രസ്വകാല കരാറില്‍ നിന്നും പിന്മാറി.
പ്രതിദിനം ശരാശരി 16 ലക്ഷം ബാരല്‍ റഷ്യന്‍ എണ്ണയാണ് ഇന്ത്യ വാങ്ങിയിരുന്നത്. 2025ല്‍ ഇത് 19 ലക്ഷം ബാരലായി ഉയര്‍ന്നിരുന്നു. ചൈനീസ് കമ്പനികള്‍ കടല്‍ വഴി മാത്രം പ്രതിദിനം 14 ലക്ഷം ബാരല്‍ റഷ്യന്‍ എണ്ണയാണ് പ്രതിദിനം വാങ്ങുന്നത്. ഇതിന് ഇടിവ് വരുന്നതോടെ കടുത്ത ആഘാതമാകും അത് റഷ്യയുടെ സമ്പത്ത് വ്യവസ്ഥയ്ക്ക് മുകളില്‍ ഏല്‍പ്പിക്കുക.
യുഎസിന്റെ ഉപരോധപ്രഖ്യാപനം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് സമ്മതിച്ചെങ്കിലും കടുത്ത ആഘാതമേല്‍പ്പിക്കാന്‍ ഇതുകൊണ്ട് സാധിക്കില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ വ്യക്തമാക്കി. യുക്രെയ്ന്‍- റഷ്യ യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര ശ്രമങ്ങളെ തകര്‍ക്കുന്നതാണ് യുഎസ് ഉപരോധമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖറോവയും പ്രതികരിച്ചു.