വാക്സിൻ എടുത്തിട്ടും വീണ്ടും പേവിഷബാധ. കൊല്ലം വിളക്കൊടി കുന്നിക്കോട് സ്വദേശിനിയായ ഏഴുവയസുകാരിക്കാണ് പേവിഷബാധ. നിലവിൽ തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിലാണ് പെൺകുട്ടി. ആരോഗ്യവകുപ്പിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ് ഈ സംഭവം. ഒരു മാസം മുൻപാണ് കുട്ടിയെ നായ കടിച്ചത്. അപ്പോൾ തന്നെ ആശുപത്രിയിലെത്തി ഐഡിആർവി ഡോസ് എടുത്തിരുന്നു. അന്നുതന്നെ ആന്റി റാബിസ് സിറവും കുട്ടിക്ക് നൽകിയിരുന്നു.
ഏപ്രിൽ 12നാണ് കുട്ടിയെ നായ കടിച്ചത്. ഉച്ചയ്ക്ക് വീടിനു മുന്നിൽ ഇരിക്കുകയായിരുന്ന പെൺകുട്ടിയെ താറാവിനെ ഓടിച്ച് എത്തിയ നായ കടിക്കുകയായിരുന്നു. കുട്ടിയുടെ കൈമുട്ടിനാണ് കടിയേറ്റത്. അന്നുതന്നെ ഐഡിആർവി ഡോസും ആന്റി റാബിസ് സിറവും കുട്ടിക്ക് നൽകിയിരുന്നു. പിന്നീട് മൂന്നുതവണ കൂടി ഐഡിആർബി നൽകി. മെയ് 6ന് അവസാന വാക്‌സിൻ എടുക്കാനിരിക്കെ കുട്ടിക്ക് പനി ബാധിച്ചത്.
തുടർന്ന് നടത്തിയ പരിശോധനയിലാണ് പേവിഷബാധയാണ് ഏറ്റതെന്ന് തിരിച്ചറിഞ്ഞത്. കുട്ടിയെ കടിച്ച നായ മറ്റാരെയെങ്കിലും കടിച്ചിട്ടുണ്ടോ, അത് കുട്ടിയെ കടിച്ചശേഷം എങ്ങോട്ട് പോയി തുടങ്ങിയ കാര്യങ്ങളിൽ വ്യക്തതയില്ല. അടുത്തിടെ മലപ്പുറത്തും സമാനമായ സംഭവം നടന്നിരുന്നു. വാക്സിൻ എടുത്തിട്ടും അഞ്ചു വയസുകാരിക്ക് പേവിഷ ബാധ ഉണ്ടായി. പിന്നാലെ ചികിത്സയിലായിരുന്ന അഞ്ചു വയസുകാരി മരണപ്പെട്ടിരുന്നു.