കോഴിക്കോട് മെഡിക്കൽ കോളേജിലെ തീപ്പിടിത്തം; പോസ്റ്റ്‌മോർട്ടം നടപടികളിൽ തീരുമാനമെടുക്കും

നിഹാരിക കെ.എസ്

ശനി, 3 മെയ് 2025 (10:14 IST)
കോഴിക്കോട് മെഡിക്കൽ കോളേജിലെ തീപിടിത്തത്തെ തുടർന്ന് അഞ്ച് രോഗികൾ മരണപ്പെട്ട സംഭവത്തിൽ ഇന്ന് മെഡിക്കൽ ബോർഡ് യോഗം ചേരും. അത്യാഹിത വിഭാഗത്തിൽ നിന്ന് പുക ഉയർന്ന സംഭവത്തിൽ ഇന്ന് രാവിലെ 10.30ന് ആണ് യോഗം ചേരുക.ഇന്നലെ മരണപ്പെട്ട രണ്ട് പേരുടെ പോസ്റ്റ്‌മോർട്ടം നടപടികളിൽ യോഗത്തിൽ തീരുമാനമെടുക്കും. 
 
ആശുപത്രിയിലുണ്ടായ പുക കാരണമല്ല അഞ്ച് മരണങ്ങൾ സംഭവിച്ചതെന്നാണ് അധികൃതർ പറയുന്നത്. മരിച്ച അഞ്ചുപേരിൽ ഒരാളെ ആശുപത്രിയിലേക്ക് കൊണ്ടുവന്നപ്പോഴെ മരണപ്പെട്ടിരുന്നുവെന്നും മറ്റുള്ളവർ അതീവ ഗുരുതരാവസ്ഥയിലായിരുന്നുവെന്നതുമാണ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ അറിയിച്ചത്. 
 
കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശി ഗോപാലൻ, വടകര സ്വദേശി സുരേന്ദ്രൻ, കൊയിലാണ്ടി സ്വദേശി ഗംഗാധരൻ, പശ്ചിമ ബംഗാളിൽ നിന്നും ഗംഗ, വയനാട് സ്വദേശി നസീറ എന്നിവരുടെ മരണത്തിലാണ് ബന്ധുക്കൾ സംശയം ഉന്നയിച്ചത്. അതിൽ ഗംഗാധരൻ, നസീറ എന്നിവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടത്തും. പുക ശ്വസിച്ചാണ് ഇവരുടെ മരണമെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
 
അത്യാഹിത വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിനകത്തെ യുപിഎസ് റൂമിൽ നിന്നാണ് പുക ഉയർന്നത്. ഇവിടെ എൻജിനീയറിംഗ്, ഇലക്ട്രിക്കൽ വിഭാഗങ്ങൾ പരിശോധന നടത്തും. വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ നിന്ന് പുക ഉയർന്നത്. ഉടൻ തന്നെ ഫയർഫോഴ്സ് സ്ഥലത്തെത്തി രോഗികളെ ഒഴിപ്പിച്ചു. സംഭവത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് അന്വേഷണത്തിന് നിർദേശം നൽകി.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍