India - Pakistan Conflict: ഇന്ത്യയ്ക്ക് പാകിസ്ഥാന്റെ മറുപടി, ഷിംല കരാര്‍ മരവിപ്പിച്ചു, വ്യോമാതിര്‍ത്തിയില്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വിലക്ക്

അഭിറാം മനോഹർ

വ്യാഴം, 24 ഏപ്രില്‍ 2025 (17:23 IST)
പഹല്‍ഗാം ആക്രമണങ്ങള്‍ക്ക് പിന്നാലെ പാകിസ്ഥാനുമായുള്ള സിന്ധു നദീജല കരാര്‍ ഇന്ത്യ റദാക്കിയതിന് പിന്നാലെ ഇന്ത്യക്കെതിരെ നടപടികളുമായി പാകിസ്ഥാനും. ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വ്യോമപാത അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ പാകിസ്ഥാന്‍ വാഗ അതിര്‍ത്തി അടയ്ക്കാനും തീരുമാനിച്ചു. ഇന്ത്യയുമായി വെടിനിര്‍ത്തലില്‍ ഏര്‍പ്പെട്ട ഷിംല കരാര്‍ മരവിപ്പിക്കാനും ഇന്ത്യയുമായുള്ള എല്ലാ വ്യാപാരവും നിര്‍ത്തിവെക്കാനും പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ദേശീയ സുരക്ഷാ സമിതി യോഗത്തില്‍ തീരുമാനിച്ചു. ഇന്ത്യന്‍ പൗരന്മാര്‍ക്കുള്ള വിസ റദ്ദാക്കിയ പാകിസ്ഥാന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം 30 ആക്കി കുറച്ചു.
 
അതേസമയം പാകിസ്ഥാനിലേക്ക് യാത്ര ഒഴിവാക്കാന്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിദേശകാര്യമന്ത്രാലയം നിര്‍ദേശം നല്‍കി. നിലവില്‍ പാകിസ്ഥാനിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ തിരിച്ച് ഇന്ത്യയിലേക്ക് ഉടനെ മടങ്ങിയെത്തണം. പാകിസ്ഥാന്‍ പൗരന്മാര്‍ക്ക് ഇന്ത്യ അനുവദിച്ച വിസ ഏപ്രില്‍ 27 മുതല്‍ അസാധുവാകും. മെഡിക്കല്‍ വിസയിലുള്ളവര്‍ക്ക് 29 വരെ ഇന്ത്യയില്‍ തുടരാം. അതേസമയം പാകിസ്ഥാന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ട് ഇന്ത്യ നിരോധിച്ചു. പാകിസ്ഥാന്റെ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥനെ അര്‍ധരാത്രിയില്‍ വിളിച്ചുവരുത്തി ഇന്ത്യയുടെ നിര്‍ദേശങ്ങള്‍ അറിയിക്കുകയും ചെയ്തു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍