പാക്കിസ്ഥാന്‍ സര്‍ക്കാരിന്റെ എക്‌സ് അക്കൗണ്ടിന് ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തി

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 24 ഏപ്രില്‍ 2025 (14:55 IST)
പാക്കിസ്ഥാന്‍ സര്‍ക്കാരിന്റെ എക്‌സ് അക്കൗണ്ടിന് ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തി കേന്ദ്രം. കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം പ്രകാരം നടപടി എക്‌സിന്റേതാണ് നടപടി. ഗവണ്‍മെന്റ് ഓഫ് പാക്കിസ്ഥാന്‍ എന്ന ടാഗിലുള്ള എല്ലാ അക്കൗണ്ടുകളും ഇന്ത്യയില്‍ നിരോധിച്ചിട്ടുണ്ട്. സിന്ധുനദീജല കരാര്‍ റദ്ദാക്കിയതിന് ശേഷമാണ് സര്‍ക്കാര്‍ പാക് എക്‌സ് അക്കൗണ്ടുകള്‍ നിരോധിച്ചത്.
 
അതേസമയം ഇന്ത്യയുടെ നയതന്ത്ര തിരിച്ചടിക്ക് മറുപടി നല്‍കുമെന്ന് പാകിസ്ഥാന്‍ പ്രതിരോധമന്ത്രി ഖ്വജ ആസിഫ് അറിയിച്ചു. പാക്‌സേനകള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കിയെന്നും ആസിഫ് പറഞ്ഞു. അതേസമയം പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ പാകിസ്ഥാന്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ യോഗം ഇന്ന് ചേരും. പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ നേതൃത്വത്തിലാണ് യോഗം. ഭീകരാക്രമണത്തില്‍ പാകിസ്ഥാന്റെ പങ്കിന് എന്ത് തെളിവാണ് ഉള്ളതെന്നും അദ്ദേഹം ചോദിച്ചു.
 
അതേസമയം അറബിക്കടലില്‍ നാവികാഭ്യാസം പ്രഖ്യാപിച്ച് പാകിസ്ഥാന്‍ രംഗത്തെത്തി. കൂടാതെ മിസൈല്‍ പരീക്ഷണവും നടത്തുമെന്നാണ് വിവരം. അതേസമയം ഇന്ത്യയുടെ വിമാനവാഹിനി കപ്പലായ ഐ എന്‍ എസ് വിക്രാന്ത് ഉള്‍ക്കടലിലേക്ക് നീങ്ങിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രതിരോധമന്ത്രി രാജ്‌നാഥ്‌സിങ്ങിന്റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ഇന്ന് വൈകുന്നേരം ആറുമണിക്ക് സര്‍വ്വകക്ഷി യോഗം ചേരും.
 
കോണ്‍ഗ്രസ് അടക്കമുള്ള എല്ലാ പ്രതിപക്ഷ പാര്‍ട്ടികളിലെയും നേതാക്കളെ യോഗത്തിന് ക്ഷണിച്ചിട്ടുണ്ട്. അമേരിക്കന്‍ സന്ദര്‍ശനം വെട്ടിച്ചുരുക്കി തിരിച്ചെത്തിയ രാഹുല്‍ ഗാന്ധിയും യോഗത്തില്‍ പങ്കെടുക്കും. ആക്രമണം നടത്തിയ ഭീകരര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മു കാശ്മീരില്‍ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍