ഇന്ത്യയുടെ നയതന്ത്ര തിരിച്ചടിക്ക് മറുപടി നല്‍കുമെന്ന് പാകിസ്ഥാന്‍ പ്രതിരോധമന്ത്രി; ദേശീയ സുരക്ഷാ കൗണ്‍സില്‍ യോഗം ഇന്ന് ചേരും

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 24 ഏപ്രില്‍ 2025 (11:05 IST)
khawaja asif
ഇന്ത്യയുടെ നയതന്ത്ര തിരിച്ചടിക്ക് മറുപടി നല്‍കുമെന്ന് പാകിസ്ഥാന്‍ പ്രതിരോധമന്ത്രി ഖ്വജ ആസിഫ്. പാക്‌സേനകള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കിയെന്നും ആസിഫ് പറഞ്ഞു. അതേസമയം പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ പാകിസ്ഥാന്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ യോഗം ഇന്ന് ചേരും. പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ നേതൃത്വത്തിലാണ് യോഗം. ഭീകരാക്രമണത്തില്‍ പാകിസ്ഥാന്റെ പങ്കിന് എന്ത് തെളിവാണ് ഉള്ളതെന്നും അദ്ദേഹം ചോദിച്ചു.
 
ഭീകരവാദത്തിന്റെ വലിയ ഇരകളില്‍ ഒന്നാണ് പാക്കിസ്ഥാനെന്നും ഭീകര സംഘടനകള്‍ പ്രവര്‍ത്തിക്കുന്ന രാജ്യം ഇന്ത്യയാണെന്നും പാക്ക് മന്ത്രി ആരോപിച്ചു. ഇന്ത്യയുടെ നടപടികളില്‍ പ്രതിഷേധം അറിയിക്കാന്‍ പാകിസ്ഥാനിലെ ഇന്ത്യന്‍ കമ്മീഷന്‍ ഉദ്യോഗസ്ഥനെ ഇന്ന് പാക്കിസ്ഥാന്‍ വിളിച്ചു വരുത്തുമെന്നാണ് കരുതുന്നത്.
 
യുദ്ധകാലത്ത് പോലും പാകിസ്ഥാനെതിരെ സ്വീകരിക്കാത്ത നടപടിയായ സിന്ധു നദീ ജല കരാര്‍ മരവിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന രണ്ടര മണിക്കൂര്‍ നീണ്ട മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം എടുത്തത്. ഇന്ത്യ-പാക് യുദ്ധങ്ങള്‍ നടന്നപ്പോള്‍ പോലും റദ്ദാക്കാത്ത കരാറാണ് 65 വര്‍ഷങ്ങള്‍ക്ക് മരവിപ്പിക്കാന്‍ തീരുമാനിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍