India vs Pakistan: മിസൈല്‍ പരീക്ഷണവുമായി പാക്കിസ്ഥാന്‍, നാവികാഭ്യാസം പ്രഖ്യാപിച്ചു; ജാഗ്രതയോടെ ഇന്ത്യ

രേണുക വേണു

വ്യാഴം, 24 ഏപ്രില്‍ 2025 (10:55 IST)
India vs Pakistan

India vs Pakistan: ജമ്മു കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ-പാക്കിസ്ഥാന്‍ ബന്ധം വഷളാകുന്നു. അറബിക്കടലില്‍ കറാച്ചി തീരത്തോടു ചേര്‍ന്ന് പാക്കിസ്ഥാന്‍ നാവികാഭ്യാസം പ്രഖ്യാപിച്ചു. മിസൈല്‍ പരീക്ഷണം നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ ശക്തമായ നീക്കങ്ങള്‍ നടത്തുന്നതിനിടെയാണ് മിസൈല്‍ പരീക്ഷണം. 
 
ഏപ്രില്‍ 24, 25 തിയതികളിലായി മിസൈല്‍ പരീക്ഷണം നടത്താന്‍ പാക്കിസ്ഥാന്‍ തീരുമാനിച്ചതായി വിവിധ വാര്‍ത്താ ഏജന്‍സികളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ പ്രതിരോധ ഏജന്‍സികള്‍ക്കു കേന്ദ്ര പ്രതിരോധമന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 
 
നിലവില്‍ ഇന്ത്യയിലുള്ള എല്ലാ പാക്കിസ്ഥാന്‍ പൗരന്‍മാരുടെയും വീസ റദ്ദാക്കാന്‍ തീരുമാനമായിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന സുരക്ഷാസമിതി യോഗത്തിലാണ് തീരുമാനമെടുത്തത്. പഠനാവശ്യങ്ങള്‍ക്കായി ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്‍ പൗരന്‍മാരായ വിദ്യാര്‍ഥികള്‍ അടക്കം തിരിച്ചുപോകേണ്ട അവസ്ഥയിലാണ്. 
 
പാക്കിസ്ഥാനുമായുള്ള ഇന്ത്യയുടെ നയതന്ത്രബന്ധം കൂടുതല്‍ സങ്കീര്‍ണമാകുകയാണ്. പാക്കിസ്ഥാനുമായുള്ള സിന്ധൂനദീജല കരാര്‍ ഇന്ത്യ മരവിപ്പിച്ചു. സാര്‍ക് വീസ എക്സ്റ്റന്‍ഷന്‍ സ്‌കീം പ്രകാരം വീസ ലഭിച്ച എല്ലാ പാക്കിസ്ഥാന്‍കാരുടെയും വീസ റദ്ദാക്കിയിട്ടുണ്ട്. പാക്ക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥന്‍മാര്‍ക്ക് രാജ്യം വിടാന്‍ ഒരാഴ്ച സമയം നല്‍കി. പാക്കിസ്ഥാനിലുള്ള ഇന്ത്യന്‍ നയതന്ത്രജ്ഞരെ തിരിച്ചുവിളിക്കാനും തീരുമാനമായി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍