Mauna Loa: മൗന ലോവയെ, മോഹ ലാവയെ, എന്റെ നാളയെ... വിവാദങ്ങള്‍ക്കിടയില്‍ വേടന്റെ പുതിയ ആല്‍ബമെത്തി

അഭിറാം മനോഹർ

ബുധന്‍, 30 ഏപ്രില്‍ 2025 (13:16 IST)
Rapper Vedan first love Album Mauna Loa released
വിവാദങ്ങള്‍ക്കിടെ റാപ്പര്‍ വേടന്‍ എന്ന ഹിരണ്‍ ദാസ് മുരളിയുടെ ആദ്യ ലവ് സോംഗ് റിലീസ് ചെയ്തു. മൗനലാവ എന്നാണ് ഗാനത്തിന്റെ പേര്‍. സ്‌പോട്ടിഫൈയിലും വേടന്‍ വിത്ത് വേര്‍ഡ് എന്ന യൂട്യൂബ് ചാനലിലും ഗാനം റിലീസ് ചെയ്തിട്ടുണ്ട്. റിലീസ് ചെയ്ത ആദ്യദിനത്തില്‍ തന്നെ വലിയ സ്വീകരണമാണ് ഗാനത്തിന് ലഭിക്കുന്നത്. പ്രേമഗാനമാണെങ്കിലും തന്റെ മുന്‍ ഗാനങ്ങളെ പോലെ മൂര്‍ച്ചയുള്ള വാക്കുകളാല്‍ നിറഞ്ഞതാണ് മൗന ലാവ എന്ന പ്രണയഗാനവും.
 
വോയിസ് ഓഫ് വോയ്സ്ലസ് എന്ന മലയാളം റാപ്പിലൂടെ ശ്രദ്ധ നേടിയ വേടന്‍ ശക്തമായ രാഷ്ട്രീയം പാട്ടുകളിലൂടെ പറയുന്ന കലാകാരനാണ്. മലയാള സിനിമയിലും ഒട്ടേറെ ഹിറ്റുകള്‍ നല്‍കിയ വേടന്റെ ഷോകള്‍ക്കും വലിയ സ്വീകാര്യതയാണ് യുവാക്കള്‍ക്കിടയിലുള്ളത്. മലയാളം റാപ്പ് ഗായകരില്‍ ഏറ്റവും പ്രധാനികളില്‍ ഒരാളായി നില്‍ക്കെയാണ് ലഹരിക്കേസില്‍ വേടന്‍ കുരുക്കിലായത്. കഴിഞ്ഞ ദിവസം പുലിപ്പല്ല് കേസില്‍ കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ തന്റെ പുതിയ ആല്‍ബം ഇന്ന് റിലീസ് ചെയ്യുമെന്ന് വേടന്‍ പറഞ്ഞിരുന്നു. അതേസമയം പിടിച്ചെടുത്ത പുലിപ്പല്ല് വനം വകുപ്പ് ശാസ്ത്രീയമായ പരിശോധനയ്ക്ക് അയക്കാന്‍ തീരുമാനിച്ചു. കയ്യിലുള്ളത് യഥാര്‍ഥ പുലിപ്പല്ല് ആണെന്ന് അറിയില്ലായിരുന്നു എന്നാണ് വേടന്‍ നല്‍കിയിട്ടുള്ള മൊഴി.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍