അന്തരിച്ച നടൻ കലാഭവൻ മാണിയുടെ സിനിമകൾക്ക് ഇന്നും ആരാധകർ ഏറെയാണ്. അതിൽ പ്രധാനം വിനയൻ സംവിധാനം ചെയ്ത വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രമാണ്. അതുവരെ കോമഡി വേഷങ്ങൾ ചെയ്തിരുന്ന മണി അന്ധനായ കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിച്ചത്. പ്രേക്ഷകർ കരഞ്ഞുകൊണ്ട് വിജയിപ്പിച്ച സിനിമയായിരുന്നു ഇത്. സിനിമ പരാജയമെന്ന് പലരും പിന്നീട് പറഞ്ഞിരുന്നു. എന്നാൽ, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും നിർമാതാവിന് ലാഭമുണ്ടാക്കിയ സിനിമ ആയിരുന്നു.
സിനിമയുടെ കളക്ഷനെ കുറിച്ച് അതിന്റെ നിർമാതാവ് മഹാസുബൈർ പറഞ്ഞതും ഇത് ശ്രദ്ധയിൽപ്പെട്ടതോടെ സന്തോഷം പറഞ്ഞ് സംവിധായകൻ വിനയനും രംഗത്ത് വന്നിരിക്കുകയാണ്. 'മുടക്ക് മുതലിന്റെ പത്തിരട്ടി കളക്ഷൻ നേടിയ ചിത്രം എന്ന റെക്കോർഡ് ഇന്നും 'വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും' എന്ന സിനിമയ്ക്കാണ്. 1993 ൽ മുപ്പത്തിയെട്ട് ലക്ഷം ചെലവായ ഈ വിനയൻ ചിത്രം മൂന്ന് കോടി എൺപത് ലക്ഷം കളക്ഷൻ നേടി' എന്നാണ് നിർമാതാവ് മഹാസുബൈർ പറഞ്ഞത്. ഇത് ശ്രദ്ധേയിൽപ്പെട്ടതോടെയാണ് സിനിമയുടെ ചിത്രീകരണ സമയത്തും റിലീസായതിന് ശേഷവും നടന്ന കാര്യങ്ങളെ പറ്റി വിനയൻ കുറിച്ചത്.
'നിർമ്മാതാവ് മഹാസുബൈറിന്റേതായി വന്ന ഈ വാർത്ത കണ്ടപ്പോൾ സന്തോഷം തോന്നി. മുടക്കു മുതലിന്റെ പത്തിരട്ടി നേടി എന്ന നിലയിൽ ഞാൻ ആ സിനിമയുടെ കളക്ഷനേ പറ്റി ചിന്തിച്ചിരുന്നില്ല. അന്ന് നാൽപ്പത് ലക്ഷത്തോളം രൂപ ചെലവായ ചിത്രമായിരുന്നു 'വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും'. ഇന്നത്തെ നിലയിൽ നാലു കോടിയിൽ പരം രൂപ. മൂന്നു കോടി എൺപതു ലക്ഷം രൂപ അന്ന് കളക്ഷൻ നേടി എന്നത് ഒരു വലിയ വിജയം തന്നെ ആയിരുന്നു. മുടക്ക് മുതലിന്റെ പത്തിരട്ടി കളക്ഷൻ നേടിയ ചിത്രം വേറെ ഇല്ല എന്ന സുബൈറിന്റെ വാദം ശരിയാണങ്കിൽ ആ റെക്കോഡ് അന്തരിച്ച മഹാനായ കലാകാരൻ കലാഭവൻ മണിക്കായി ഞാൻ സമർപ്പിക്കുന്നു.