മോഹൻലാലിനൊപ്പം സിനിമ ചെയ്ത സംവിധായകന് പിന്നീട് മറ്റൊരു നടനൊപ്പം തൃപ്തിയുണ്ടാകില്ലെന്ന് മണിയൻപിള്ള രാജു

നിഹാരിക കെ.എസ്

ശനി, 26 ഏപ്രില്‍ 2025 (10:21 IST)
തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തിയ 'തുടരും' തിയേറ്ററിൽ മികച്ച അഭിപ്രായം നേടുകയാണ്. ആദ്യ ദിനം അഞ്ച് കോടിയിലധികമാണ് കേരളം ബോക്സ് ഓഫീസിൽ നിന്ന് മാത്രം ചിത്രം നേടിയത്. മോഹൻലാലിനൊപ്പം ചിത്രത്തിൽ മണിയൻപിള്ള രാജുവും മികച്ച ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. മോഹൻലാൽ എന്ന നടനെവെച്ച് ഒരു സിനിമ ചെയ്ത സംവിധായകന് മറ്റൊരു നടനൊപ്പം പ്രവർത്തിക്കുമ്പോൾ അത്രയും തൃപ്തി ഉണ്ടാകില്ലെന്ന് മണിയൻപിള്ള രാജു പറയുന്നു. 
 
മോഹൻലാൽ ഏത് സാഹചര്യത്തിലും അഡ്ജസ്റ്റ് ചെയ്യുന്ന ആളാണെന്നും അത്രയും സഹകരിച്ചാണ് അദ്ദേഹം സംവിധായകർക്കൊപ്പം വർക്ക് ചെയ്യുക എന്നും ഹാപ്പി ഫ്രെയിംസിന് നൽകിയ അഭിമുഖത്തിൽ മണിയൻപിള്ള രാജു തുറന്നു പറയുന്നു. മുൻപ് നൽകിയ അഭിമുഖത്തിലെ ഭാഗം തുടരും സിനിമയുടെ റിലീസിന് പിന്നാലെ വീണ്ടും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ് .
 
'മോഹൻലാൽ ഏത് സാഹചര്യത്തിലും അഡ്ജസ്റ്റ് ചെയുന്ന ആളാണ്. ആര് അടുത്ത് വന്ന് സംസാരിച്ചാലും രണ്ട് മിനിറ്റുകൊണ്ട് അയാളുമായി ലാൽ കമ്പനിയാകും. അദ്ദേഹം ഒരു സംവിധായകന്റെ കൂടെ വർക്ക് ചെയ്‌താൽ പിന്നെ ആ സംവിധായകൻ വേറൊരു നടനെവെച്ച് സംവിധാനം ചെയ്യുമ്പോൾ സമാധാനവും തൃപ്തിയും ഉണ്ടാകില്ല. അത്രയധികം സഹകരിച്ച് വർക്ക് ചെയുന്ന ആളാണ് മോഹൻലാൽ. സിനിമയ്ക്ക് വേണ്ടി യാത്ര ചെയ്യാനും കഷ്ടപ്പെടാനും ലാൽ തയ്യാറാണ്. ഒരു മടിയും കാണിക്കില്ല; മണിയൻ പിള്ള രാജു പറഞ്ഞു. 
 
കുട്ടിച്ചൻ എന്ന കഥാപാത്രത്തെയാണ് മണിയൻപിള്ള രാജു സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ ടിക്കറ്റ് വിൽപ്പനയിൽ ഓരോ മണിക്കൂറിലും വലിയ കുതിപ്പാണ്. പല തിയേറ്ററുകളിലും ചിത്രത്തിനായി അഡിഷണൽ ഷോകൾ സംഘടിപ്പിക്കുന്നുണ്ട്. എമ്പുരാൻ സിനിമയുടെ ടിക്കറ്റ് വിൽപ്പനയിലെ റെക്കോർഡുകൾ തുടരും തിരുത്തിയിട്ടുണ്ട്. പ്രദർശനത്തിനെത്തി ആദ്യ മണിക്കൂറുകളിൽ 30K-യിലധികം ടിക്കറ്റുകൾ ബുക്ക് മൈ ഷോയിലൂടെ ചിത്രം വിറ്റഴിച്ചെന്നാണ് റിപ്പോർട്ട്. ഇത് റീലിസിന് ശേഷം എമ്പുരാൻ വിറ്റഴിച്ച ടിക്കറ്റിനേക്കാൾ അധികമാണ്.
 
ചിത്രത്തിൽ ഒരു സാധാരണ ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, തോമസ് മാത്യു, ഇർഷാദ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷം കെെകാര്യം ചെയ്യുന്നുണ്ട്. നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ എത്തുന്നുണ്ട്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍