തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ ആദ്യമായി നായകനാകുന്ന ചിത്രമാണ് തുടരും. വർഷങ്ങൾക്ക് ശേഷം ശോഭനയും മോഹൻലാലും ഒന്നിച്ച സിനിമയ്ക്ക് വമ്പൻ സ്വീകാര്യതയാണ് തിയേറ്ററുകളിൽ നിന്നും ലഭിക്കുന്നത്. സിനിമയുടെ മേക്കിങ്ങും മോഹന്‍ലാലിന്റെ പെര്‍ഫോമന്‍സുമെല്ലാം വലിയ കയ്യടിയാണ് ഏറ്റുവാങ്ങുന്നത്. ആദ്യ ദിനം വേൾഡ് വൈഡ് ഏകദേശം 12 കോടിയോളം സിനിമ നേടുമെന്നാണ് കരുതുന്നത്.
ചിത്രത്തിന് ഓരോ മണിക്കൂറിലും വലിയ കുതിപ്പാണ് ടിക്കറ്റ് വില്പനയിൽ ഉണ്ടാക്കാൻ സാധിക്കുന്നത്. പല തിയേറ്ററുകളിലും ചിത്രത്തിനായി അഡിഷണൽ ഷോകൾ സംഘടിപ്പിക്കുന്നുണ്ട്. ആദ്യ ദിനം തുടരുമിന് അഞ്ച് കോടിയ്ക്ക് മുകളിൽ കേരളത്തിൽ മാത്രം കളക്ഷൻ നേടാൻ സാധിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ. ഓരോ മണിക്കൂറിലും ടിക്കറ്റ് ബുക്ക് ചെയ്യുന്നവരുടെ എണ്ണം കൂടുകയാണ്.
മോഹൻലാലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:
'തുടരും എന്ന ചിത്രത്തിന് ലഭിക്കുന്ന സ്നേഹവും ഹൃദയം തൊട്ടുള്ള പ്രതികരണങ്ങളും എന്നെ ആഴത്തില്‍ സ്പര്‍ശിച്ചിരിക്കുന്നു. ഓരോ സന്ദേശവും അഭിനന്ദനത്തിൻ്റെ ഓരോ വാക്കുകളും എനിക്ക് പൂർണ്ണമായി പ്രകടിപ്പിക്കാൻ കഴിയാത്ത വിധത്തിൽ എന്നെ സ്പർശിച്ചു. ഈ കഥയിലേക്ക് നിങ്ങളുടെ ഹൃദയങ്ങള്‍ തുറന്നതിന്, അതിന്‍റെ ആത്മാവ് കണ്ടതിന്, അനുഗ്രഹപൂര്‍വ്വം അതിനെ ചേർത്ത് നിർത്തിയതിന് നന്ദി.
ഈ നന്ദി എന്‍റേത് മാത്രമല്ല. തങ്ങളുടെ സ്നേഹവും പരിശ്രമവും ഊര്‍ജ്ജവുമൊക്കെ ഓരോ ഫ്രെയ്മുകളിലും പകര്‍ന്ന് ഈ യാത്രയില്‍ എനിക്കൊപ്പം നടന്ന എല്ലാവരുടേതുമാണ്. എം രഞ്ജിത്ത്, തരുണ്‍ മൂര്‍ത്തി, കെ ആര്‍ സുനില്‍, ശോഭന, ബിനു പപ്പു, പ്രകാശ് വര്‍മ്മ, ഷാജി കുമാര്‍, ജേക്സ് ബിജോയ് പിന്നെ ഞങ്ങളുടെ ഗംഭീര ടീം- നിങ്ങളുടെ കലയും ആവേശവുമാണ് തുടരുമിനെ ഇന്ന് കാണുന്ന രീതിയിലാക്കിയത്.
ഈ സിനിമ ശ്രദ്ധയോടെ, ഒരു ലക്ഷ്യത്തോടെ, എല്ലാറ്റിനുമുപരിയായി, സത്യസന്ധമായി നിർമ്മിച്ചതാണ്. അത് വളരെ ആഴത്തിൽ പ്രതിധ്വനിക്കുന്നത് കാണുന്നത് ഒരു പ്രതിഫലത്തേക്കാൾ കൂടുതലാണ്. അതാണ് യഥാർത്ഥ അനുഗ്രഹം.