Thudarum Review: വളരെ ഗ്രൗണ്ടണ്ട് ആയിട്ടുള്ള കഥാപാത്രങ്ങള്‍ മോഹന്‍ലാലിന്റെ ഏറ്റവും വലിയ സേഫ് സോണാണ്. അവിടെ നല്ലൊരു പ്ലോട്ട് കൂടി ഇട്ടുകൊടുത്ത് പുള്ളിയെ പെര്‍ഫോം ചെയ്യാന്‍ വിട്ടാല്‍ അതൊരു ട്രീറ്റും ! മലയാളി കാണാന്‍ കൊതിക്കുന്ന അത്തരമൊരു ലാല്‍ കഥാപാത്രമുള്ള സിനിമയാണ് 'തുടരും'. പെര്‍ഫോമര്‍ എന്ന നിലയിലും താരം എന്ന നിലയിലും കഴിഞ്ഞ നാലഞ്ച് വര്‍ഷങ്ങള്‍ക്കിടെ മോഹന്‍ലാല്‍ പൂര്‍ണമായി തൃപ്തിപ്പെടുത്തിയ സിനിമ.
പൂര്‍ണമായി ഒരു ഫാന്‍ ബോയ് സിനിമയെന്ന നിലയിലാണ് തരുണ്‍ മൂര്‍ത്തി 'തുടരും' പ്രേക്ഷകരിലേക്ക് എത്തിച്ചിരിക്കുന്നത്. മോഹന്‍ലാലിലെ താരത്തെ എങ്ങനെ സ്‌ക്രീനിലേക്ക് എത്തിക്കണമെന്ന് തരുണ്‍ മൂര്‍ത്തിക്ക് നന്നായി അറിയാം. എന്നാല്‍ കേവലം ഫാന്‍സിനു മാത്രം തൃപ്തി നല്‍കുന്ന രീതിയിലല്ല മറിച്ച് എല്ലാവിധ പ്രേക്ഷകരെയും പൂര്‍ണമായി എന്‍ഗേജ് ചെയ്യിപ്പിക്കുന്നുണ്ട് ഈ ചിത്രം.
റാന്നിയിലെ ഒരു മലയോര പ്രദേശത്താണ് കഥ നടക്കുന്നത്. 'ബെന്‍സ്' എന്നു വിളിപ്പേരുള്ള ഷണ്‍മുഖനും ഭാര്യ ലളിതയും രണ്ട് മക്കളും വളരെ സന്തുഷ്ടമായി ജീവിക്കുന്ന കുടുംബം. മോഹന്‍ലാല്‍ അവതരിപ്പിച്ചിരിക്കുന്ന ഷണ്‍മുഖന്‍ എന്ന നായക കഥാപാത്രത്തിനു 'ബെന്‍സ്' എന്ന വിളിപ്പേര് വീഴാന്‍ കാരണം അയാള്‍ക്ക് തന്റെ ബ്ലാക്ക് അംബാസിഡറിനോടുള്ള ഇഷ്ടം കൊണ്ടാണ്. സ്വന്തം കുടുംബത്തിലെ അംഗത്തെ പോലെയാണ് ഷണ്‍മുഖന്‍ ഈ കാറിനെ പരിചരിക്കുന്നത്. അയാളുടേതല്ലാത്ത കാരണത്താല്‍ ഈ കാറിനു പൊലീസ് സ്റ്റേഷനില്‍ കയറേണ്ടിവരുന്നു. ജീവനു തുല്യം സ്‌നേഹിക്കുന്ന കാറ് വിട്ടുകിട്ടാന്‍ ഷണ്‍മുഖന്‍ പൊലീസ് സ്റ്റേഷനിലെത്തുന്നു. ഇതിനിടെ ഉണ്ടാകുന്ന നാടകീയ സംഭവങ്ങള്‍, ഉദ്വേഗം നിറഞ്ഞ നിമിഷങ്ങള്‍ ഒടുവില്‍ അതിനെല്ലാം ലഭിക്കുന്ന ഉത്തരം..! ഇതാണ് 'തുടരും'
ആദ്യ പകുതിയില്‍ വിന്റേജ് മോഹന്‍ലാലിനെ പ്രസന്റ് ചെയ്യാനാണ് സംവിധായകന്‍ ശ്രമിച്ചിരിക്കുന്നത്. മോഹന്‍ലാലിന്റെ തന്നെ പഴയ സിനിമകളും മമ്മൂട്ടി റഫറന്‍സുകളുമടക്കം അതിനായി ഉപയോഗപ്പെടുത്തിയിരിക്കുന്നു. പ്രേക്ഷകരില്‍ ഒരു നൊസ്റ്റാള്‍ജിക് ഫീല്‍ അുഭവപ്പെടുത്തി പ്ലോട്ടിലേക്ക് കൊണ്ടുവരാനുള്ള സംവിധായകന്റെ ശ്രമം വിജയിച്ചിരിക്കുന്നു. ഒരു ഫീല്‍ ഗുഡ് ഫാമിലി മൂവി എന്ന് തോന്നിപ്പിക്കുന്ന ആദ്യ പകുതിയുടെ തുടക്കം പിന്നീട് ഇന്റര്‍വെല്‍ സീനിലേക്ക് എത്തുമ്പോള്‍ ഒരു ത്രില്ലര്‍ സ്വഭാവം കൈവരിക്കുന്നു. പ്രേക്ഷകരില്‍ ടെന്‍ഷന്‍ ബില്‍ഡ് ചെയ്തുകൊണ്ടാണ് ഇന്റര്‍വെല്‍ പഞ്ച്.
ആദ്യ പകുതിയുടെ അവസാനത്തില്‍ പ്രേക്ഷകരില്‍ ഉണ്ടാക്കുന്ന ഉദ്വേഗം രണ്ടാം പകുതിയില്‍ തുടരുകയും അതിനെ ഏറ്റവും പീക്കിലേക്ക് എത്തിച്ചുകൊണ്ട് പ്രേക്ഷകരെ ഇമോഷണലി കണക്ട് ചെയ്യാനും ചിത്രത്തിനു സാധിച്ചിട്ടുണ്ട്. രണ്ടാം പകുതിയില്‍ ദൃശ്യത്തിലേതിനു സമാനമായ രീതിയിലുള്ള കഥ പറച്ചിലാണ് സംവിധായകന്‍ അവലംബിച്ചിരിക്കുന്നത്.
കൈയടക്കമുള്ള തിരക്കഥയാണ് കെ.ആര്‍.സുനിലും തരുണ്‍ മൂര്‍ത്തിയും ചേര്‍ത്ത് ഒരുക്കിയിരിക്കുന്നത്. ബലമുള്ള തിരക്കഥയില്‍ മോഹന്‍ലാല്‍ എന്ന താരത്തെയും നടനെയും അതിഗംഭീരമായി ബ്ലെന്‍ഡ് ചെയ്യാന്‍ ഇരുവര്‍ക്കും സാധിച്ചിട്ടുണ്ട്. അതിനൊപ്പം തരുണ്‍ മൂര്‍ത്തിയുടെ ബ്രില്ല്യന്റ് മേക്കിങ് കൂടി ചേരുമ്പോള്‍ 'തുടരും' നിര്‍ബന്ധമായും തിയറ്റര്‍ എക്‌സ്പീരിയന്‍സ് ഡിമാന്‍ഡ് ചെയ്യുന്ന സിനിമയായി മാറുന്നു. ജേക്‌സ് ബിജോയിയുടെ പശ്ചാത്തല സംഗീതം സിനിമയുടെ ഗ്രാഫ് ഉയര്‍ത്തുന്നതില്‍ അനിഷേധ്യമായ പങ്കുവഹിച്ചു. ഓരോ കഥാപാത്രങ്ങളുടെയും വൈകാരിക തലത്തെ പ്രേക്ഷകര്‍ അതിന്റെ മാക്‌സിമത്തില്‍ ഉള്‍ക്കൊള്ളണമെന്ന വാശിയോടെയാണ് ജോക്‌സ് പശ്ചാത്തല സംഗീതവും ഗാനങ്ങളും ഒരുക്കിയിരിക്കുന്നത്. ഷാജികുമാറിന്റെ ക്യാമറയും കൈയടി അര്‍ഹിക്കുന്നു.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പെര്‍ഫോമന്‍സ് കൊണ്ട് മോഹന്‍ലാല്‍ തൃപ്തിപ്പെടുത്തിയ സിനിമയാണ് 'തുടരും'. വിന്റേജ് മോഹന്‍ലാലിനെ തിരിച്ചുകൊണ്ടുവരാന്‍ പലരും പലതരത്തില്‍ ശ്രമിച്ചെങ്കിലും അത് പൂര്‍ണമായി വിജയിച്ചിരിക്കുന്നത് ഈ ചിത്രത്തിലൂടെയാണ്. ആദ്യ പകുതിയില്‍ കാര്യമായി പെര്‍ഫോം ചെയ്യാനുള്ള സാധ്യത ഇല്ലായിരുന്നെങ്കിലും ക്ലൈമാക്‌സിലേക്ക് അടുത്തപ്പോള്‍ അഭിനേത്രി എന്ന നിലയില്‍ ശോഭനയും (ലളിത) പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്നു. അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചത് പ്രകാശ് വര്‍മ അവതരിപ്പിച്ച വില്ലന്‍ കഥാപാത്രമായ ഇന്‍സ്‌പെക്ടര്‍ ജോര്‍ജ് മാത്തന്‍ ആണ്. കഥാപാത്രത്തെ ആദ്യമായി കാണിക്കുന്ന സീന്‍ മുതല്‍ പിന്നീടങ്ങോട്ടുള്ള ഓരോ സീനിലും പ്രേക്ഷകരില്‍ 'ചൊറിച്ചില്‍' അനുഭവപ്പെടുത്തുന്ന വിധം അതിഗംഭീരമായി നിറഞ്ഞാടി. ബിനു പപ്പു അവതരിപ്പിച്ച പൊലീസ് വേഷവും മികച്ചുനിന്നു.
Final Verdict: തിയറ്റര്‍ എക്‌സ്പീരിയന്‍ ഡിമാന്‍ഡ് ചെയ്യുന്ന മികച്ചൊരു ഫാമിലി ത്രില്ലര്‍ ചിത്രമാണ് 'തുടരും'. സാങ്കേതികമായും പ്രകടനങ്ങള്‍ കൊണ്ടും സിനിമ തൃപ്തിപ്പെടുത്തുന്നുണ്ട്.