സിനിമാ മേഖലയിലെ അവസാനിക്കാത്ത സ്ത്രീ വിരുദ്ധതയ്‌ക്കെതിരെ തുറന്നടിച്ച് നടി മാളവിക മോഹനന്‍. വലിയ ഫെമിനിസ്റ്റുകളായി നടിക്കുന്ന ചില നടന്‍മാരെ തനിക്കറിയാമെന്നും മുഖംമൂടിയണിഞ്ഞുള്ള പ്രകടനമാണിത് എന്നാണ് മാളവിക പറയുന്നത്. സ്ത്രീവിരുദ്ധരായ ചില നടന്മാർ പൊതുസമൂഹത്തിന് മുന്നിൽ ഫെമിനിസ്റ്റുകളായും പുരോഗമന ചിന്ത പങ്കുവയ്ക്കുന്നവരായും അഭിനയിക്കാറുണ്ടെന്ന് ഹൗട്ടര്‍ഫ്‌ളൈക്ക് നല്‍കിയ അഭിമുഖത്തില്‍ മാളവിക പറയുന്നു.
'സിനിമാ മേഖലയില്‍ ഈ അസമത്വം ഒരിക്കലും അവസാനിച്ചിട്ടില്ലെന്ന് ഞാന്‍ കരുതുന്നു. പുരുഷന്മാര്‍ ശരിക്കും ബുദ്ധിമാന്മാരായി മാറിയിരിക്കുന്നു. അതിസമര്‍ഥരായ ചില നടന്‍മാരെ അറിയാം. എവിടെ എന്ത് പറയണമെന്നും മറ്റുള്ളവര്‍ക്ക് മുന്നില്‍ ഫെമിനിസ്റ്റായി പരിഗണിക്കപ്പെടാന്‍ എങ്ങനെ പെരുമാറണമെന്നും അവര്‍ക്ക് നന്നായി അറിയാം.
സ്ത്രീകളെ തുല്യരായി പരിഗണിക്കുന്നത് പോലെയും, പുരോഗമന ചിന്ത പങ്കുവയ്ക്കുന്നവരെ പോലെയുമെല്ലാം അവര്‍ പെരുമാറും. പക്ഷേ പൊതുജനമധ്യത്തില്‍ നിന്ന് മാറുന്നതിന് പിന്നാലെ തീര്‍ത്തും സ്ത്രീവിരുദ്ധരായി അവര്‍ പെരുമാറുന്നതും ഞാന്‍ കണ്ടിട്ടുണ്ട്. അത് വെറും കപടതയാണ്', മാളവിക പറയുന്നു.
അതേസമയം, ദ രാജാസാബ് ആണ് മാളവികയുടെതായി ഇനി റിലീസിന് ഒരുങ്ങുന്ന ചിത്രം. പ്രഭാസ് നായകനാകുന്ന ചിത്രം മാരുതിയാണ് സംവിധാനം ചെയ്യുന്നത്. ഹൃദയപൂര്‍വ്വം എന്ന മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് ചിത്രത്തിലും മാളവികയാണ് നായിക. ആദ്യമായിട്ടാണ് മാളവിക മോഹൻലാലിന്റെ നായികയായി വരുന്നത്.