മോഹന്‍ലാലും ശോഭനയും പ്രധാനകഥാപാത്രങ്ങളായി എത്തിയ തുടരും എന്ന സിനിമ ബോക്‌സോഫീസില്‍ വമ്പന്‍ അഭിപ്രായങ്ങള്‍ നേരി മുന്നേറുകയാണ്, തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത സിനിമയില്‍ മോഹന്‍ലാലിനൊപ്പം നടന്‍ ഇര്‍ഷാദ് അലിയും ഒരു ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സിനിമയുടെ റിലീസിന് തൊട്ടുമുന്‍പായി ഇര്‍ഷാദ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പ് സിനിമയ്‌ക്കൊപ്പം തന്നെ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.
മോഹന്‍ലാലിന്റെ ഇരുപതാം നൂറ്റാണ്ട് എന്ന സിനിമ കാണാന്‍ പോയത് മുതലുള്ള ലാല്‍ മൊമന്റുകള്‍ പങ്കുവെച്ചുകൊണ്ടുള്ളതാണ് ഇര്‍ഷാദിന്റെ കുറിപ്പ്. ഇരുപതാം നൂറ്റാണ്ട് എന്ന സിനിമ കാണാന്‍ പോയപ്പോള്‍ മോഹന്‍ലാലിനെ ആദ്യമായി കണ്ടത് മുതല്‍ തുടരും എന്ന സിനിമ വരെയുള്ള മോഹന്‍ലാലിനൊപ്പമുള്ള യാത്രയെ പറ്റിയാണ് കുറിപ്പില്‍ ഇര്‍ഷാദ് പറയുന്നത്. നരസിംഹത്തിലും പ്രജയിലും പ്രദേശിയിലും ദൃശ്യത്തിലും ബിഗ് ബ്രദറിലുമെല്ലാം മോഹന്‍ലാലുമായി ഒന്നിച്ചഭിനയിച്ചതും ഇര്‍ഷാദ് ഓര്‍ത്തെടുക്കുന്നു. തുടരും സിനിമയുടെ ഷൂട്ടിങ്ങിനെ പരിക്കേറ്റ കാലുമായി ചെരുപ്പിടാതെ ചെന്ന തനിക്ക് സ്വന്തം ചെരുപ്പഴിച്ച് കൊടുത്ത ലാലേട്ടനെ പറ്റി വൈകാരികമായാണ് ഇര്‍ഷാദിന്റെ കുറിപ്പ്.
ഇര്‍ഷാദ് അലി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് വായിക്കാം
1987 മെയ് മാസത്തിലെ ചുട്ടു പൊള്ളുന്നൊരു പകല്‍.സൂര്യന്‍ ഉച്ചിയില്‍ തന്നെയുണ്ട്. വെയിലിനെ വകവെക്കാതെ തടിച്ചു കൂടി നില്‍ക്കുന്നവരുടെ കൂട്ടത്തിലെ ഒരാളായി എം ജി റോഡിന് അഭിമുഖമായ തൃശ്ശൂര്‍ രാംദാസ് തിയേറ്ററിന്റെ മെയിന്‍ ഗേറ്റില്‍ വിയര്‍ത്തു നനഞ്ഞൊട്ടിയ ഉടുപ്പമായി അക്ഷമനായി ഞാനും!
'ഇരുപതാം നൂറ്റാണ്ട്'എന്ന മോഹന്‍ലാല്‍ സിനിമ കാണാന്‍ തിക്കിത്തിരക്കി വന്നവരാണ്.ഗേറ്റ് തുറന്ന് ഓട്ടത്തിനിടയില്‍ വീണപ്പോള്‍ കിട്ടിയ മുട്ട് പൊട്ടിയ നീറ്റലോടെ ഞാന്‍ ടിക്കറ്റ് ഉറപ്പായൊരു പൊസിഷനില്‍ എത്തിയിരുന്നു.ചോര പൊടിഞ്ഞ പോറലും കൊണ്ട് ക്യൂ നിക്കുമ്പോള്‍ പെട്ടെന്ന് മോഹന്‍ലാല്‍ മോഹന്‍ലാല്‍ എന്നൊരു ആരവം.തീയേറ്ററിന്റെ എതിര്‍വശത്തെ തറവാട്ടുവീട്ടില്‍ തൂവാനത്തുമ്പികള്‍ ഷൂട്ട് നടക്കുന്നെന്നോ മോഹന്‍ലാല്‍ എത്തിയിട്ടുണ്ടെന്നോ ആരോ പറയുന്നത് അവ്യക്തമായ് കേട്ടു.ആള്‍ക്കൂട്ടത്തിനിടെ ഏന്തി വലിഞ്ഞും കൊണ്ട് നോക്കി.
ആ നട്ടുച്ച വെയിലിലാണ്,ഒരു ലോങ്ങ് ഷോട്ടില്‍ മിന്നായംപോലെ ഞാനാ രൂപം ആദ്യമായ് കാണുന്നത്.
പിന്നീട് കാണുന്നത് നരസിംഹത്തിന്റെ സെറ്റില്‍ വെച്ച്.. അപ്പോഴേക്കും സിനിമയാണെന്റെ അന്നം എന്ന് ഞാന്‍ തീരുമാനിച്ച് ഉറപ്പിച്ചിരുന്നു.ചെറിയ വേഷങ്ങളിലൂടെ എങ്ങനെയെങ്കിലും സിനിമയില്‍ കാലുറപ്പിക്കാനുള്ള തീവ്ര ശ്രമത്തിനിടെ രഞ്ജിത്ത് എന്ന മനുഷ്യന്റെയും അഗസ്റ്റിന്റെയും
സ്‌നേഹ സമ്മാനമായിരുന്നു ആ വേഷം. കൂട്ടത്തിലൊരാളായ് ചെന്നു.ആദ്യത്തെ കൂടിക്കാഴ്ച്ച വെച്ച് ചെറിയൊരു വ്യത്യാസമുണ്ട്. ഇക്കുറി മോഹന്‍ലാല്‍ എന്നെയും കണ്ടു.അതു കഴിഞ്ഞും പ്രജയില്‍ സാക്കിര്‍ ഹുസൈനിന്റെ ഡ്രൈവറായി നിന്ന് ഒടുവില്‍ ഒറ്റിക്കൊടുത്തിട്ടുണ്ട്.
മുണ്ടക്കല്‍ ശേഖരന്റെ ഡ്രൈവര്‍ ആയി വന്ന് മംഗലശ്ശേരി നീലകണ്‌നെ കൊല്ലനായി ശത്രുക്കൾക്ക് എറിഞ്ഞു കൊടുത്തിട്ടുണ്ട്..
പരദേശിയില്‍ സ്‌നേഹ നിധിയായ അച്ഛനെ അതിര്‍ത്തി കടത്തേണ്ടി വന്നിട്ടുണ്ട്.ദൃശ്യത്തില്‍ ജോര്‍ജ്ജ് കുട്ടിയുടെ നേരറിഞ്ഞ പോലീസ് ഓഫിസറായിട്ടുണ്ട്.പിന്നീട് ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്നെങ്കിലും ബിഗ് ബ്രദറില്‍ സച്ചിദാനന്ദന്റെ സന്തതസഹചാരിയുടെ വേഷവും ചെയ്യാന്‍ പറ്റി.ഒടുവിലിപ്പോള്‍ തരുണ്‍ മൂര്‍ത്തിയുടെ ഷാജിയായ്
ഷണ്മുഖനൊപ്പം വളയം പിടിക്കാന്‍.
Thudarum - Mohanlal
കഴിഞ്ഞ വേനലില്‍,തുടരും സിനിമയുടെ ഷൂട്ടിനിടയില്‍ പരിക്ക് പറ്റിയ കാലുമായ് വെയിലില്‍ നനഞ്ഞും മഴയില്‍ പൊള്ളിയും' എന്ന എന്റെ പുസ്തകം കൊടുക്കാന്‍ വേച്ചു വേച്ച് മുറിയില്‍ ചെന്ന എന്നെ നോക്കിക്കൊണ്ട് സ്‌നേഹം നിറഞ്ഞ ശാസനയോടെ 'എന്താ ഇര്‍ഷാദേ ഇത്, ചെരുപ്പിടാതെയാണോ നടക്കുന്നതെന്ന്' പറഞ്ഞു സ്വന്തം ചെരിപ്പഴിച്ചു തന്നപ്പോഴും,പിറ്റേന്ന് അത്രയും ചേര്‍ന്നു നിന്ന് എണ്ണമറ്റ ഫോട്ടോസ് എടുത്തപ്പോഴും ലാലേട്ടന്റെ പിറന്നാള്‍ മധുരം വായില്‍ വെച്ചു തന്നപ്പോഴും ഞാനോര്‍ക്കുകയായിരുന്നു.
ഒക്കെയും ഒരേ വേനലില്‍.ഒരേ പൊള്ളുന്ന ചൂടില്‍. പക്ഷേ ഒരു മാറ്റമുണ്ട്.അന്ന് ആള്‍ക്കൂട്ടത്തെ വകഞ്ഞു മാറ്റിക്കൊണ്ട് മോഹന്‍ലാലിനെ ഒരുനോട്ടം കണ്ടെന്ന് വരുത്തിയ മെലിഞ്ഞുന്തിയ ചെറുക്കന്‍,പിന്നീടുള്ള ഓരോ കൂടികാഴ്ചയിലും കണ്ടത് ലാലേട്ടനെയാണ്.
എന്നിട്ടും,പണ്ട് നീറ്റുന്ന കാലുമായ് നോക്കി നിന്ന അതേ അതിശയം തന്നെ, എനിക്ക് മോഹന്‍ലാല്‍!
പ്രിയമുള്ളവരേ...
സിനിമ ശ്വസിച്ചും സിനിമയെ പ്രണയിച്ചും ഞങ്ങളിവിടെ തുടരാന്‍ തുടങ്ങിയിട്ട് നാളുകളായി...
നിങ്ങളുടെ സ്‌നേഹവും പിന്തുണയുമാണ് ഞങ്ങളെ ഇവിടെ നിലനിര്‍ത്തുന്നത്
നിങ്ങളുടെ ചേര്‍ത്തുപിടിക്കല്‍ 'തുടര്‍'ന്നാല്‍ ഞങ്ങളിവിടെ 'തുടരു'ക തന്നെ ചെയ്യും. സ്‌നേഹപൂര്‍വ്വം