ആ സിനിമ ഇങ്ങനെയൊന്നും ആയിരുന്നില്ല, ഗെയിം ചെയ്ഞ്ചറിന്റെ പരാജയകാരണം ശങ്കര്‍ തന്നെ?, ചര്‍ച്ചയായി കാര്‍ത്തിക് സുബ്ബരാജിന്റെ വാക്കുകള്‍
ഇന്ത്യന്‍ 2 എന്ന വമ്പന്‍ പരാജയത്തിന് ശേഷം തമിഴിലെ ബ്രഹ്മാണ്ഡ സംവിധായകന്‍ ശങ്കര്‍ തെലുങ്കില്‍ സംവിധാനം ചെയ്ത സിനിമയായിരുന്നു ഗെയിം ചെയ്ഞ്ചര്‍. രാം ചരണിനെ നായകനാക്കി ശങ്കര്‍ ഒരുക്കിയ ചിത്രം വമ്പന്‍ ബജറ്റിലാണ് ഇറങ്ങിയത്. രാം ചരണിനൊപ്പം കിയാരാ അഡ്വാനി, എസ്.ജെ. സൂര്യ എന്നിവര്‍ മുഖ്യവേഷത്തിലെത്തിയിട്ടും സിനിമ ബോക്‌സോഫീസില്‍ തകര്‍ന്നടിഞ്ഞിരുന്നു. കാര്‍ത്തിക് സുബ്ബരാജിന്റെ കഥയായിരുന്നിട്ടും സിനിമ തകരാന്‍ കാരണം ശങ്കറിന്റെ ഔട്ട് ഡേറ്റഡായ മേക്കിംഗ് കാരണമെന്ന് അന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ ശങ്കറിന് താന്‍ നല്‍കിയ സ്‌ക്രിപ്റ്റ് ഇപ്പോള്‍ കാണുന്ന സിനിമയേ അല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ്.
ഒരു സാധാരണ ഐഎഎസ് ഉദ്യോഗസ്ഥന്റെ കഥയാണ് ശങ്കര്‍ സാറിനോട് ഞാന്‍ പറഞ്ഞത്. എന്നാല്‍ അത് പിന്നീട് ഒരു വലിയ ആക്ഷന്‍ ഡ്രാമയായി മാറി. പല എഴുത്തുക്കാരും സ്‌ക്രിപ്റ്റില്‍ ഇടപ്പെട്ട് ഏറെ മാറ്റങ്ങള്‍ വരുത്തിയെന്നും കാര്‍ത്തിക് സുബ്ബരാജ് പറയുന്നു. ഇതോടെ കാര്‍ത്തിക് സുബ്ബരാജിന്റെ കഥയല്ല സിനിമയായി വന്നതെന്ന് വ്യക്തമായെങ്കിലും ഗെയിം ചെയ്ഞ്ചറിന്റെ റിലീസിന് പിന്നാലെ സിനിമയെ അഭിനന്ദിച്ച് കാര്‍ത്തിക് സുബ്ബരാജിട്ട പോസ്റ്റും ചര്‍ച്ചയായിട്ടുണ്ട്. അന്നെ തന്റെ കഥയല്ല സിനിമയായത് എന്നറിഞ്ഞിട്ടും സിനിമയെ അഭിനന്ദിച്ച് കാര്‍ത്തിക് സുബ്ബരാജ് പോസ്റ്റ് ഇട്ടിരുന്നു. ഇത് ഡിപ്ലോമാറ്റിക്കായി കാര്‍ത്തിക് ചെയ്തതാണെന്നാണ് ആരാധകര്‍ പറയുന്നത്.