പാലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുമെന്ന ഫ്രാന്‍സിന്റെ നിലപാടിനെതിരെ അമേരിക്കയും ഇസ്രായേലും

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 25 ജൂലൈ 2025 (16:33 IST)
പാലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുമെന്ന ഫ്രാന്‍സിന്റെ നിലപാടിനെതിരെ അമേരിക്കയും ഇസ്രായേലും. ഒക്ടോബര്‍ 7നുണ്ടായ ആക്രമണത്തിനിരയായവരുടെ മുഖത്തടിക്കുന്നതിന് സമാനമായ നീക്കമാണ് ഫ്രാന്‍സിന്റെ നിലപാടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്ക് റൂബിയോ പറഞ്ഞു. ഭീകരവാദത്തെ പിന്തുണയ്ക്കുന്നതാണ് ഫ്രാന്‍സിന്റെ തീരുമാനമെന്നും റൂബിയോ കൂട്ടിച്ചേര്‍ത്തു.
 
ഫ്രഞ്ച് ചരിത്രത്തിലെ കറുത്ത ഏടാണിതെന്നും ഭീകരവാദത്തിനുള്ള സഹായമാണെന്നും ഇസ്രയേല്‍ പ്രതികരിച്ചു. അതേസമയം ഫ്രാന്‍സിന്റെ നിലപാടിനെ ഹമാസ് സ്വാഗതം ചെയ്തു. പാലസ്തീനെ രാജ്യമായി അംഗീകരിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ ആണ് പ്രഖ്യാപിച്ചത്. ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ ഫ്രാന്‍സ് പ്രതിനിധി ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തുമെന്ന് പ്രസിഡന്റ് പറഞ്ഞു.
 
സെപ്റ്റംബറിലാണ് ഐക്യരാഷ്ട്രസഭയുടെ പൊതുസഭ നടക്കുന്നത്. കൂടാതെ ഗാസയില്‍ ഉടന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എല്ലാ ബന്ധികളെയും മോചിപ്പിക്കണമെന്നും ഹമാസിനെ നിരായുധീകരിക്കുകയും ഗാസയെ പുനര്‍ നിര്‍മ്മിക്കുകയും വേണമെന്ന് മക്രോണ്‍ എക്‌സില്‍ കുറിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍