പാലസ്തീനെ രാജ്യമായി അംഗീകരിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ പ്രഖ്യാപിച്ചു. ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ ഫ്രാന്‍സ് പ്രതിനിധി ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തുമെന്ന് പ്രസിഡന്റ് പറഞ്ഞു. സെപ്റ്റംബറിലാണ് ഐക്യരാഷ്ട്രസഭയുടെ പൊതുസഭ നടക്കുന്നത്. കൂടാതെ ഗാസയില്‍ ഉടന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
എല്ലാ ബന്ധികളെയും മോചിപ്പിക്കണമെന്നും ഹമാസിനെ നിരായുധീകരിക്കുകയും ഗാസയെ പുനര്‍ നിര്‍മ്മിക്കുകയും വേണമെന്ന് മക്രോണ്‍ എക്‌സില്‍ കുറിച്ചു. അതേസമയം ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറിന് ധാരണയായി. ടെക്സ്റ്റൈല്‍സ്, സോഫ്‌റ്റ്വെയര്‍, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയ്ക്ക് തീരുവ ഒഴിവാക്കും. കൂടാതെ ഇന്ത്യന്‍ തൊഴിലാളികളില്‍ നിന്ന് സാമൂഹിക സുരക്ഷാ നികുതി ചുമത്തുന്നതും ഒഴിവാക്കും. നാലുവര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇന്ത്യ-യുകെ വ്യാപാര കരാര്‍ നിലവില്‍ വന്നത്. രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി യുകെയിലെത്തി.
യുകെ പ്രധാനമന്ത്രി കെയ്മര്‍ സ്റ്റാര്‍മറിന്റെ ക്ഷണപ്രകാരമാണ് മോദി യുകെ സന്ദര്‍ശിച്ചത്. യുകെ സന്ദര്‍ശനത്തിനിടെ പ്രതിരോധമേഖലയിലെയും വ്യാപാര മേഖലയിലെയും സഹകരണം ഉറപ്പാക്കുന്നതടക്കമുള്ള നിരവധി വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കും. കൂടാതെ റഷ്യയില്‍ നിന്ന് ഇന്ധനം വാങ്ങുന്നതിനെതിരെ യൂറോപ്യന്‍ രാജ്യങ്ങള്‍ എടുക്കുന്ന നിലപാടില്‍ അതൃപ്തിയും പ്രധാനമന്ത്രി അറിയിച്ചേക്കും.