Govindachamy: റെയില്‍വെ സ്‌റ്റേഷനിലേക്കുള്ള വഴി തെറ്റി, ലക്ഷ്യം തമിഴ്‌നാട്ടില്‍ എത്തുക; ഇനി വിയ്യൂരില്‍ ഏകാന്ത തടവ്

രേണുക വേണു

ശനി, 26 ജൂലൈ 2025 (10:41 IST)
Govindachamy: ജയില്‍ചാടിയ ശേഷം കേരളം കടക്കുകയായിരുന്നു ഗോവിന്ദച്ചാമിയുടെ ലക്ഷ്യം. റെയില്‍വെ സ്‌റ്റേഷനിലേക്കു പോകാന്‍ വഴിതെറ്റിയതോടെ പദ്ധതികള്‍ പാളി. റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്. 
 
ജയില്‍ ചാടിയ ശേഷം വേഗം റെയില്‍വെ സ്റ്റേഷനില്‍ എത്താനായിരുന്നു പദ്ധതി. എന്നാല്‍ വഴി തെറ്റി. സഹതടവുകാരനും തന്റെ ജയില്‍ ചാട്ടത്തെ കുറിച്ച് അറിയാമായിരുന്നു. ജയില്‍ ചാട്ടത്തിനു ആറ് മാസം മാത്രമേ ശിക്ഷയുള്ളൂവെന്ന് സഹതടവുകാര്‍ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് ജയില്‍ ചാട്ടത്തിനായി ശ്രമിച്ചതെന്ന് ഗോവിന്ദച്ചാമി പൊലീസിനോടു സമ്മതിച്ചു. 
 
അരം ഉപയോഗിച്ചാണ് സെല്ലിന്റെ അഴി മുറിക്കാന്‍ ബ്ലേഡ് ഉണ്ടാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജയില്‍ ചാടാനുള്ള തീരുമാനം അഞ്ച് വര്‍ഷം മുന്‍പെ എടുത്തെന്ന് ഇന്നലെ ഗോവിന്ദച്ചാമി മൊഴി നല്‍കിയിരുന്നു. ഇനി ഒരിക്കലും ജയിലില്‍ നിന്നും ഇറങ്ങാന്‍ കഴിയില്ല എന്ന് തോന്നിയതിനാലാണ് ജയില്‍ ചാടിയതെന്നും മൊഴിയിലുണ്ട്.
 
അതേസമയം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് ജയില്‍ചാടിയ ഗോവിന്ദച്ചാമി ഇനി തൃശൂരിലുള്ള വിയ്യൂര്‍ ജയിലിലാണ് തടവ് അനുഭവിക്കുക. ഇന്ത്യയിലെ തന്നെ അതീവ സുരക്ഷാ ജയിലുകളിലൊന്നാണ് വിയ്യൂരിലേത്. ഇവിടുത്തെ തടവുകാരില്‍ പലരും കൊടും കുറ്റവാളികളാണ്. 17 ജയിലുകള്‍ അടങ്ങുന്ന സെന്‍ട്രല്‍ സോണിലെ ഏറ്റവും പ്രധാന ജയിലാണ് വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍. വിയ്യൂരിലെ ഏകാന്ത സെല്ലിലാണ് ഗോവിന്ദച്ചാമിയെ പാര്‍പ്പിക്കുക. സെല്ലിലുള്ളവര്‍ക്ക് പരസ്പരം കാണാനോ സംസാരിക്കാനോ പറ്റില്ല. ഭക്ഷണം കഴിക്കാന്‍ പോലും പുറത്തേക്കിറങ്ങാന്‍ സാധിക്കില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍