പലസ്തീനെ രാജ്യമായി അംഗീകരിക്കുമെന്ന് ഫ്രാൻസ്, നിശിത വിമർശനവുമായി ഇസ്രയേലും അമേരിക്കയും

അഭിറാം മനോഹർ

വെള്ളി, 25 ജൂലൈ 2025 (17:25 IST)
France Palestine
പലസ്തീന്‍ പ്രശ്‌നത്തില്‍ നിര്‍ണായക പ്രഖ്യാപനവുമായി ഫ്രാന്‍സ്. പലസ്തീനെ രാജ്യമായി അംഗീകരിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റായ ഇമ്മാനുവല്‍ മക്രോണ്‍ പ്രഖ്യാപിച്ചു. സെപ്റ്റംബറില്‍ നടക്കുന്ന ഐക്യരാഷ്ട്ര സഭയുടെ പൊതുയോഗത്തില്‍ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തുമെന്നാണ് ഫ്രാന്‍സ് പ്രസിഡന്റ് അറിയിച്ചത്.
 
ഗാസയിലെ യുദ്ധം അവസാനിപ്പിക്കുകയും സാധാരണക്കാരെ രക്ഷിക്കുകയുമാണ് നിലവില്‍ അടിയന്തിരമായി ചെയ്യേണ്ടത്. ഇസ്രായേല്‍ ആവശ്യപ്പെട്ട എല്ലാ ബന്ധികളെയും മോചിപ്പിച്ച് ഹമാസിനെ നിരായുധീകരിക്കുകയും ഗാസയെ പുനര്‍നിര്‍മിക്കുകയും ചെയ്യണമെന്നും ഇമാനുവല്‍ മക്രോണ്‍ എക്‌സില്‍ കുറിച്ചു. ഇസ്രായേലിനെ പൂര്‍ണമായി അംഗീകരിച്ചുകൊണ്ട് പലസ്തീന്‍ രാഷ്ട്രം കെട്ടിപടുക്കുക എന്നതല്ലാതെ മധ്യപൂര്‍വദേശത്തെ സമാധാനത്തിലേക്ക് നയിക്കാന്‍ മറ്റ് വഴികളൊന്നുമില്ലെന്നും മക്രോണ്‍ കൂട്ടിച്ചേര്‍ത്തു.
 
അതേസമയം ഫ്രാന്‍സിന്റെ നിലപാടിനെ നിശിതമായി വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഇസ്രയേലും അമേരിക്കയും. ഒക്ടോബര്‍ 7നുണ്ടായ ആക്രമണത്തിനിരയായവരുടെ മുഖത്തടിയ്ക്കുന്ന നീക്കത്തിന് സമാനമാണ് ഫ്രാന്‍സിന്റെ നിലപാടെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്ക് റൂബിയോ പറഞ്ഞു. അതേസമയം ഭീകരവാദത്തെ പിന്തുണയ്ക്കുന്നതും ഇസ്രയേലിന്റെ അസ്തിത്വത്തിന് ഭീഷണിയുമാണ് പലസ്തീനെ രാജ്യമായി അംഗീകരിക്കുന്നതെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍