ഇത്തവണത്തെ ഒസ്‌കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച ഡോക്യുമെന്ററിക്കുള്ള(ഫീച്ചര്‍) പുരസ്‌കാരം നേടിയത് നോ അദര്‍ ലാന്‍ഡ് എന്ന ഡോക്യുമെന്ററിയായിരുന്നു. അധിനിവേശ വെസ്റ്റ്ബാങ്ക് ആണ് നോ അദര്‍ ലാന്‍ഡിന്റെ പശ്ചാത്തലൗം. പലസ്തീന്‍കാരായ ബാസല്‍ അദ്ര, ഹംദാന്‍ ബല്ലാല്‍,ഇസ്രായേലുകാരായ യുവാല്‍ എബ്രഹാം, റേച്ചല്‍ സോര്‍ എന്നിവരാണ് പുരസ്‌കാരം നേടിയത്. പുരസ്‌കാരം സ്വന്തമാക്കിയതിന് പിന്നാലെ അദ്രയും എബ്രഹാമും നടത്തിയ മറുപടി പ്രസംഗത്തില്‍ രൂക്ഷവിമര്‍ശനമാണ് ഇസ്രായേലിനും അമേരിക്കയ്ക്കും എതിരെ ഉയര്‍ത്തിയത്.
ഗാസയും അവിടത്തെ ജനങ്ങളും നേരിട്ടുകൊണ്ടിരിക്കുന്ന ക്രൂരത അവസാനിപ്പിക്കണമെന്ന് വ്യക്തമാക്കിയ എബ്രഹാം ഒക്ടോബര്‍ 7 ആക്രമണത്തില്‍ ബന്ധികളാക്കപ്പെട്ട ഇസ്രായേലികളെ മോചിപ്പിക്കണം എന്നും ആവശ്യപ്പെട്ടു. പലസ്തീനികളും ഇസ്രായേലികളും ചേര്‍ന്നൊരുക്കിയ സിനിമയാണിത്. ഇത് ഞങ്ങളുടെ ഒന്നിച്ചുള്ള സ്വരമാണ്. ഇസ്രായേല്‍ സൈനിക ഭരണത്തില്‍ കീഴില്‍ പലസ്തീന്‍ കാരനായ അദ്രയും ഞാനും ജീവിക്കുന്ന സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്. ബാസല്‍ അദ്ര എന്റെ സഹോദരനാണ്. എന്നാല്‍ ഞങ്ങള്‍ തുല്യരല്ല. സിവിലിയന്‍ നിയമപ്രകാരം ഞാന്‍ സ്വതന്ത്രമായ ഭരണകൂടത്തിലാണ് ജീവിക്കുന്നത്. എന്നാല്‍ അദ്ര സൈനിക നിയമങ്ങള്‍ക്ക് കീഴിലാണ്. വംശീയ മേധാവിത്വമില്ലാത്ത ഒരു രാഷ്ട്രീയ പരിഹാരം അത് രണ്ട് പേരുടെയും രാഷ്ട്രങ്ങള്‍ക്കുള്ള അവകാശമാണ്.
ഞാന്‍ ഇപ്പോള്‍ അമേരിക്കയില്‍ ആയതിനാല്‍ ആ രാജ്യത്തിന്റെ വിദേശനയം ആ രാഷ്ട്രീയ പരിഹാരത്തിന് തടസമാണ്. ഞങ്ങള്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുകയാണെന്ന് നിങ്ങള്‍ക്ക് മനസിലാകുന്നില്ലെ. ബാസല്‍ അദ്രയുടെ ആളുകളും സുരക്ഷിതരാകുമ്പോള്‍ മാത്രമെ ഞങ്ങളും സുരക്ഷിതരാകുന്നുള്ളു. എബ്രഹാം പറഞ്ഞു. അതേസമയം വെസ്റ്റ്ബാങ്കില്‍ നിന്നും പലസ്തീനികളെ നിര്‍ബന്ധിതമായി കുടിയിറക്കുന്ന നടപടികള്‍ ഇസ്രായേല്‍ അവസാനിപ്പിക്കണമെന്ന് ബാസല്‍ അദ്രയും ആവശ്യപ്പെട്ടു.