Kerala Weather: റാന്നി മേഖലയിൽ അതിശക്തമായ കാറ്റ്, വൈദ്യുതി പോസ്റ്റുകൾ വീണു, നിരവധി വാഹനങ്ങൾക്ക് കേടുപാട്

അഭിറാം മനോഹർ

വെള്ളി, 25 ജൂലൈ 2025 (17:02 IST)
സംസ്ഥാനത്ത് തുടരുന്ന വ്യാപക മഴയില്‍ പത്തനംതിട്ട റാന്നി മേഖലയില്‍ വ്യാപക നാശനഷ്ടം. അതിശക്തമായ മിന്നല്‍ ചുഴലി പോലുള്ള കാറ്റാണ് റാന്നി മേഖലയില്‍ വീശിയടിച്ചത്. റാന്നി ബൈപ്പാസിന്റെ ഭാഗത്ത് വ്യാപകമായ രീതിയില്‍ വൈദ്യുതി പോസ്റ്റുകള്‍ വീണു. നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ടുണ്ട്. എസ്ബിഐ ബാങ്കിനോട് സമീപത്തായാണ് വ്യാപകമായ നാശനഷ്ടമുണ്ടായത്. മന്തമരുതി ചേത്തക്കല്‍ ഒപ്പം ഇടമുറി അടക്കമുള്ള മേഖലകളിലും വ്യാപകമായ നാശനഷ്ടങ്ങളുണ്ടായി.
 
മന്തമരുതി ഭാഗത്ത് മരം വീണതിനാല്‍ പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മരങ്ങള്‍ മാറ്റിയതോടെ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചുവരികയാണ്. വരും മണിക്കൂറുകളിലും അതിശക്തമായ കാറ്റാണ് പ്രവചിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ മഴക്കാലത്തും മേഖലയില്‍ വ്യാപകമായി മിന്നല്‍ ചുഴലി കണക്കെ കാറ്റ് ആഞ്ഞ് വീശിയിരുന്നു. ഇത്തവണ മഴ കുറവായെങ്കില്‍ പോലും ശക്തമായ കാറ്റാണ് റാന്നി മേഖലയിലുള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍