ആരാണ് മഞ്ജു വാര്യര്‍? ദിലീപിന്റെ ഭാര്യയാണെന്ന് പൂർണിമ ചേച്ചി പറഞ്ഞു: ജാന്മണി പറയുന്നു

നിഹാരിക കെ.എസ്

വ്യാഴം, 10 ഏപ്രില്‍ 2025 (11:20 IST)
സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് ജാന്‍മണി. പക്ഷേ മലയാളികള്‍ ജാന്‍മണിയെ അടുത്തറിയുന്നത് ബിഗ് ബോസിലൂടെയാണ്. മഞ്ജു വാര്യര്‍, ഭാവന തുടങ്ങി 300ലധികം താരങ്ങള്‍ക്ക് മേക്കപ്പ് ചെയ്തിട്ടുണ്ട് ജാന്‍മണി. ഇപ്പോഴിതാ ആദ്യമായി മഞ്ജു വാര്യര്‍ക്ക് മേക്കപ്പ് ചെയ്യാന്‍ പോയ അനുഭവം പങ്കുവെക്കുകയാണ് ജാന്‍മണി. കൈരളി ടിവിയ്ക്ക് നല്‍കിയ ആഭിമുഖത്തിൽ സംസാരിക്കുകയാണ് ജാന്‍മണി.
 
മഞ്ജു വാര്യര്‍ ആരെന്ന് പോലും അറിയാതെയാണ് താന്‍ മഞ്ജുവിനെ മേക്കപ്പ് ചെയ്തതെന്നാണ് ജാന്‍മണി പറയുന്നത്. പൂർണിമ ഇന്ദ്രജിത്ത് വഴിയാണ് ജാന്മണി മഞ്ജു വാര്യരെ ആദ്യമായി നേരിൽ കാണുന്നത്. നടൻ ദിലീപിന്റെ ഭാര്യ എന്ന ലേബലിലായിരുന്നു മഞ്ജുവിനെ ആദ്യം മെയ്ക്കപ്പ് ചെയ്തത്. 
 
'പൂര്‍ണിമ ചേച്ചിയാണ് വിളിക്കുന്നത്. എന്റെ സുഹൃത്താണ്, ഫോട്ടോഷൂട്ട് ഉണ്ട്, ചെയ്യുമോ എന്ന് ചോദിച്ചു. ചെയ്യാം ആരാണെന്ന് ഞാന്‍ ചോദിച്ചു. നടന്‍ ദിലീപിന്റെ ഭാര്യയാണെന്ന് പറഞ്ഞു. ഞാന്‍ വന്ന സമയമാണല്ലോ. എനിക്ക് ആരാണ് സൂപ്പര്‍ സ്റ്റാര്‍ എന്നൊന്നും അറിയില്ല. ആരാണ് ദിലീപ് എന്ന് ഞാന്‍ ചോദിച്ചു. എന്റെ സുഹൃത്താണ്, നീ മേക്കപ്പ് ചെയ്യൂ എന്ന് പൂര്‍ണിമ ചേച്ചി പറഞ്ഞു. ചേച്ചി വിശദീകരിക്കാനൊന്നും നിന്നില്ല.
 
ഞങ്ങള്‍ ചെന്നു. നല്ല സുന്ദരിയാണ്. പക്ഷെ ഞങ്ങള്‍ ലാഷസ് ബോക്‌സ് എടുക്കാന്‍ മറന്നിരുന്നു. തപ്പി തപ്പി ഒരെണ്ണം കിട്ടി. അത് രണ്ടാക്കി മുറിച്ചാണ് ലാഷസ് വച്ചു കൊടുത്തത്. ആ സമയത്ത് മഞ്ജു ചേച്ചി സിനിമയിലേക്ക് തിരികെ വന്നിട്ടില്ല. എനിക്ക് ആരാണെന്നും അറിയില്ല. അന്നാണെങ്കില്‍ ഇന്നത്തേത് പോലെ സോഷ്യല്‍ മീഡിയയുമില്ല. എനിക്കൊന്നും അറിയില്ല, ജാനുവിന്റെ ഇഷ്ടം പോലെ ചെയ്യാന്‍ പറഞ്ഞു. എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു. സോഷ്യൽ മീഡിയ കാര്യമായി ഇല്ലാതിരുന്നിട്ടും അത് വൈറലായി. 
 
ഇതോടെ ഞാന്‍ പൂര്‍ണിമ ചേച്ചിയെ വിളിച്ച് അവര്‍ ആരാണ്? സീരിയലിലെങ്ങാനും അഭിനയിച്ചിട്ടുണ്ടോ? എന്ന് ചോദിച്ചു. നീ എന്താണ് ചെയ്തതെന്ന് പൂര്‍ണിമ ചേച്ചി ചോദിച്ചു. ഞാന്‍ കുറച്ച് ഉപദേശം കൊടുത്തിരുന്നുവെന്ന് ഞാന്‍ പറഞ്ഞു. പൂര്‍ണിമ ചേച്ചിയാണ് പറയുന്നത് മഞ്ജു വാര്യര്‍ സൂപ്പര്‍ സ്റ്റാറാണ്, മമ്മൂട്ടിയേയും മോഹന്‍ലാലിനേയും പോലെ വലിയ താരമാണ് എന്നൊക്കെ.

അവര്‍ വളരെ പ്രൊഫഷണല്‍ ആയിരുന്നു. ഫോട്ടോഷൂട്ട് കഴിഞ്ഞത് പോലും അറിഞ്ഞില്ല. അത്രയും എളിമയുള്ള സൂപ്പര്‍ സ്റ്റാറിനെ ഞാന്‍ ആദ്യമായി കാണുകയായിരുന്നു. സീനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ വളരെയധികം ലാളിത്യമുള്ളവരാണ്. മഞ്ജു ചേച്ചി ഇപ്പോള്‍ മെസേജ് അയച്ചാലും മറുപടി തരും. മഞ്ജു വാര്യര്‍ക്ക് മുന്നില്‍ ഞാന്‍ ആരുമല്ല. ആ ആര്‍ട്ടിസ്റ്റാണ് നമ്മളോട് അത്രയും സ്‌നേഹം', താരം പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍