ഡൊമിനിക് റിലീസായത് പോലും പലരും അറിഞ്ഞില്ല: ഗൗതം മേനോൻ

നിഹാരിക കെ.എസ്

വ്യാഴം, 10 ഏപ്രില്‍ 2025 (09:34 IST)
സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്ത ചിത്രമായിരുന്നു 'ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്സ്'. മമ്മൂട്ടി നായകനായ ചിത്രം ജനുവരിയിലാണ് റിലീസ് ആയത്. സമ്മിശ്ര പ്രതികരണം ലഭിച്ച ചിത്രം തിയേറ്ററിൽ വേണ്ടതുപോലെ ഓടിയില്ല. സിനിമ കോമഡി-ത്രില്ലർ ജോണറിലായിരുന്നു കഥ പറഞ്ഞത്. ഇപ്പോൾ ആ ചിത്രത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് സംവിധായകൻ ഗൗതം മേനോൻ.
 
ചിത്രത്തിന് കുറച്ചുകൂടി പ്രൊമോഷൻ കൊടുക്കാമായിരുന്നു എന്നാണ് ഗൗതം മേനോൻ പറയുന്നത്. ആ ചിത്രം റിലീസായത് പലർക്കും അറിയില്ല. ഈ അടുത്ത് ഒരു മാധ്യമപ്രവർത്തക ഡൊമിനിക്കിന്റെ റിലീസ് എന്നാണ് എന്ന് ചോദിച്ചുവെന്നും ഗൗതം മേനോൻ പറഞ്ഞു. പേളി മാണിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഗൗതം വാസുദേവ് മേനോൻ.
 
'ആ സിനിമയ്ക്ക് കുറച്ച് കൂടി പ്രൊമോഷൻ നൽകാമായിരുന്നു എന്ന് ഞാൻ ആഗ്രഹിക്കുന്നു. ആ സിനിമയെപ്പറ്റി ഇപ്പോഴും പലർക്കും അറിയില്ല. മമ്മൂക്കയെ വെച്ച് സംവിധാനം ചെയ്ത സിനിമ എന്നാണ് റിലീസ് ചെയ്യുന്നത് എന്ന് ഇപ്പോഴും പലരും ചോദിക്കുന്നുണ്ട്. ബസൂക്കയുടെ പ്രൊമോഷന്റെ ഭാഗമായി ആദ്യം ഒരു അഭിമുഖത്തിലും ഇതേ ചോദ്യം ചോദിച്ചു. കേരളത്തിൽ ഒരു ഹോട്ടലിൽ ലഞ്ച് കഴിക്കാൻ കയറിയപ്പോഴും ഇതേ ചോദ്യമുണ്ടായി,' എന്ന് ഗൗതം വാസുദേവ് മേനോൻ പറഞ്ഞു.
 
അതേസമയം, ഈ വർഷത്തെ മമ്മൂട്ടിയുടെ ആദ്യ റിലീസായിരുന്നു 'ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്സ്'. മമ്മൂട്ടി- ഗോകുൽ സുരേഷ് ടീം അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ നടത്തുന്ന ഡൊമിനിക് ഡിറ്റക്റ്റീവ്‌സ് എന്ന ഡിറ്റക്റ്റീവ്‌സ് ഏജൻസി അന്വേഷിക്കുന്ന ഒരു കേസിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. ഒരു പഴ്സ് അന്വേഷിച്ചുള്ള ഓട്ടം അവരെ കൂടുതൽ സങ്കീർണ്ണമായ സാഹചര്യങ്ങളിലേക്ക് എത്തിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍