Dominic and The Ladies Purse: വീഴാതെ 'ഡൊമിനിക്'; ഇതുവരെ കളക്ട് ചെയ്തത് എത്രയെന്നോ?

രേണുക വേണു

തിങ്കള്‍, 27 ജനുവരി 2025 (10:48 IST)
Dominic and The Ladies Purse: സമ്മിശ്ര പ്രതികരണങ്ങള്‍ക്കിടയിലും ബോക്‌സ്ഓഫീസില്‍ 'പിടിച്ചുനിന്ന്' ഡൊമിനിക് ആന്റ് ദി ലേഡീസ് പേഴ്‌സ്. ചിത്രത്തിന്റെ ഇന്ത്യ നെറ്റ് കളക്ഷന്‍ 6.45 കോടിയായി. റിലീസ് ചെയ്തു നാല് ദിവസങ്ങള്‍ പിന്നിട്ട ഡൊമിനിക് ആദ്യ തിങ്കളാഴ്ചയായ ഇന്ന് കളക്ട് ചെയ്യുന്നതിനനുസരിച്ച് ആയിരിക്കും ചിത്രത്തിന്റെ ബോക്‌സ്ഓഫീസ് വിധി നിര്‍ണയിക്കപ്പെടുക. 
 
നാലാം ദിനമായ ഇന്നലെ (ഞായറാഴ്ച) മാത്രം ഏകദേശം രണ്ട് കോടിക്ക് അടുത്ത് ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ കളക്ട് ചെയ്യാന്‍ ഡൊമിനിക്കിനു സാധിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറില്‍ 38,000 ടിക്കറ്റുകളാണ് ബുക്ക് മൈ ഷോയില്‍ ഡൊമിനിക് ആന്റ് ദി ലേഡീസ് പേഴ്‌സിന്റേതായി വിറ്റുപോയിരിക്കുന്നത്. ട്രാക്കര്‍മാരില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഡൊമിനിക് ആന്റ് ദി ലേഡീസ് പേഴ്സിന്റെ വേള്‍ഡ് വൈഡ് കളക്ഷന്‍ പത്ത് കോടി കടന്നിട്ടുണ്ട്. ആദ്യദിനം 200 സ്‌ക്രീനുകളില്‍ ആയിരുന്നു കേരളത്തില്‍ ചിത്രം പ്രദര്‍ശിപ്പിച്ചത്. രണ്ടാം ദിനത്തിലേക്ക് എത്തിയപ്പോള്‍ അത് 225 സ്‌ക്രീനുകളായി ഉയര്‍ന്നു. 
 
ആദ്യ ഷോയ്ക്കു ശേഷം സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിനു ലഭിച്ചത്. എന്നാല്‍ 'മമ്മൂട്ടി കമ്പനി' ഫാക്ടര്‍ ബോക്‌സ്ഓഫീസില്‍ ക്ലിക്കായി. മിനിമം ഗ്യാരണ്ടി ചിത്രങ്ങളാണ് മമ്മൂട്ടി കമ്പനിയില്‍ നിന്ന് ലഭിക്കുകയെന്ന പ്രേക്ഷകരുടെ പ്രതീക്ഷയാണ് റിലീസ് ദിനത്തില്‍ 'ഡൊമിനിക് ആന്റ് ദി ലേഡീസ് പേഴ്‌സി'നു രക്ഷയായത്. മമ്മൂട്ടി കമ്പനിയുടെ സിനിമയെന്ന നിലയില്‍ ഈ വീക്കെന്‍ഡില്‍ മികച്ച കളക്ഷന്‍ നേടാനായാല്‍ ചിത്രം മുടക്കുമുതല്‍ തിരിച്ചുപിടിച്ചേക്കും. ഇതുവരെ റിലീസ് ചെയ്ത മമ്മൂട്ടി കമ്പനി സിനിമകളൊന്നും ബോക്‌സ്ഓഫീസില്‍ പരാജയമായിട്ടില്ല. മമ്മൂട്ടി കമ്പനിയുടെ ആറാമത്തെ സിനിമയാണ് 'ഡൊമിനിക് ആന്റ് ദി ലേഡീസ് പേഴ്‌സ്'. 
 
ഗൗതം വാസുദേവ് മേനോന്‍ ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്ത 'ഡൊമിനിക് ആന്റ് ദി ലേഡീസ് പേഴ്‌സ്' ഒരു കോമഡി - ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറാണ്. സി.ഐ.ഡൊമിനിക് എന്ന പ്രൈവറ്റ് ഡിറ്റക്ടീവിന്റെ വേഷത്തിലാണ് മമ്മൂട്ടി അഭിനയിച്ചിരിക്കുന്നത്. ഗോകുല്‍ സുരേഷ്, സുഷ്മിത ബട്ട്, വിനീത്, വിജയ് ബാബു, വിജി വെങ്കടേഷ്, മീനാക്ഷി ഉണ്ണികൃഷ്ണന്‍, ലെന എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. 2025 ല്‍ റിലീസ് ചെയ്യുന്ന ആദ്യ മമ്മൂട്ടി ചിത്രം കൂടിയാണ് ഡൊമിനിക്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍